'വെള്ളത്തിൽ കിടക്കുന്ന കല്ലിൽ പായലുണ്ടാകും, വെള്ളത്തിനു പുറത്തിട്ടാൽ ആ കല്ല് പളുങ്കുകല്ലാകും; സരിനും അങ്ങനെ തന്നെ'; റഹീം

Update: 2024-10-19 05:25 GMT

സരിനെ ഇടതുപക്ഷത്തേക്ക് ഹൃദയപൂർവം സ്വാഗതം ചെയ്യുന്നുവെന്ന് എ.എ. റഹീം എം.പി. ഇടതുപക്ഷത്തെ രൂക്ഷമായി വിമർശിച്ചിരുന്ന ആളാണ് സരിൻ. ആ സരിനെ എങ്ങനെ ഇടതുപക്ഷത്തേക്ക് സ്വീകരിക്കുമെന്ന് ചില എതിരാളികൾ പ്രചാരണം നടത്തുന്നുണ്ട്. അതിൽ ഒരു രാഷ്ട്രീയവുമില്ല, ഒരു വസ്തുതയുമില്ല. സരിൻ ഇന്നലെ വരെ ഒരു കോൺഗ്രസുകാരനായി നിന്നാണ് അങ്ങനെ സംസാരിച്ചത്. ഒരു കോൺഗ്രസുകാരന് അങ്ങനെയേ സംസാരിക്കാൻ കഴിയൂ. അത് കോൺഗ്രസിന്റെ രാഷ്ട്രീയ സംസ്‌കാരമാണ്.

ആ സംസ്‌കാരം വിട്ട് അയാൾ പുറത്തുവന്നിരിക്കുകയാണ്. വെള്ളത്തിൽ കിടക്കുന്ന ഒരു കല്ലുപോലെയാണ് സരിൻ. കല്ലിൽ പായലുണ്ടാകും. അത് കല്ലിന്റെ കുഴപ്പമല്ല. കല്ല് കിടക്കുന്ന വെള്ളത്തിന്റെ കുഴപ്പമാണ്. ആ കല്ലെടുത്ത് വെള്ളത്തിനു പുറത്തിട്ടാൽ ആ കല്ല് നല്ല തിളക്കമുള്ള പളുങ്കുകല്ലാകും. സരിനും അങ്ങനെയാണ്. വെള്ളത്തിൽ കിടക്കുന്ന കല്ലിന് പായൽ പിടിച്ചേ മതിയാകൂ. കോൺഗ്രസിൽ നിൽക്കുന്ന സരിന് കോൺഗ്രസിന്റെ ഭാഷയുണ്ടാകും സംസ്‌കാരമുണ്ടാകും എല്ലാ അധാർമ്മികതയുമുണ്ടാകും. അതിൽനിന്ന് പുറത്തുവന്ന സരിനെ ഇടതുപക്ഷം സ്വാഗതം ചെയ്യുന്നുവെന്ന് എ.എ. റഹീം പറഞ്ഞു. ഫെയ്‌സ്ബുക്കിൽ പങ്കുവെച്ച വീഡിയോയിലൂടെയാണ് എം.പിയുടെ പ്രതികരണം.

'ഡോ.പി.സരിന് ഇടതുപക്ഷത്തേക്ക് സ്വാഗതം. എന്തുകൊണ്ട് സരിൻ സ്വാഗതം ചെയ്യപ്പെടണം? സരിനുയർത്തിയ രാഷ്ട്രീയം പ്രസക്തമായതുകൊണ്ട്. എന്തുകൊണ്ട് വടകരയിൽ കെ.മുരളീധരനെ മാറ്റി പാലക്കാട് എം.എൽ.എയെ അങ്ങോട്ട് പറഞ്ഞയച്ചു. എന്തുകൊണ്ട് ഒരു ഉപതിരഞ്ഞെടുപ്പ് കോൺഗ്രസ് ബോധപൂർവം് പാലക്കാട് പോലെയൊരു ഹൈലി സെൻസിറ്റീവ് മേഖലയിൽ ക്ഷണിച്ചുവരുത്തി. ഈ രാഷ്ട്രീയ ചോദ്യം സരിൻ ഉയർത്തുന്നു. അത് പ്രസക്തമാണ്. ഇന്നലെകളിൽ ഡിവൈഎഫ്ഐയും ഇടതുപക്ഷവും ഉയർത്തിയ അതേ ചോദ്യം, കോൺഗ്രസ് ഇതുവരെ ഉത്തരം പറയാത്ത ചോദ്യം. എന്തിന് പാലക്കാട് ഒരു ഉപതിരഞ്ഞെടുപ്പ് ക്ഷണിച്ചുവരുത്തി. ചേലക്കരയിലും ഉപതിരഞ്ഞെടുപ്പ് വന്നല്ലോ എന്ന മറുചോദ്യം അതിന് ഉത്തരമാകില്ല.

ചേലക്കരയിലാകട്ടെ, കൊല്ലത്താകട്ടെ, ആറ്റിങ്ങലിൽ മത്സരിച്ച വി.ജോയ് എം.എൽ.എ. ആകട്ടെ, ശൈലജ ടീച്ചർ വന്ന മട്ടന്നൂർ മണ്ഡലമാകട്ടെ ഉപതിരഞ്ഞെടുപ്പ് വന്നാൽ ബിജെപിക്ക് ഒരു പ്രതീക്ഷയും വെക്കാൻ കഴിയാത്ത മണ്ഡലങ്ങളാണ്. എന്നാൽ ബിജെപിക്ക് പേരിനുവേണ്ടി പ്രതീക്ഷവെക്കാൻ കഴിയുന്ന മണ്ഡലത്തിൽ എന്തിന് ബോധപൂർവം ഒഴിവാക്കാമായിരുന്ന ഒരു ഉപതിരഞ്ഞെടുപ്പ് കോൺഗ്രസ് ക്ഷണിച്ചുവരുത്തി. ഈ രാഷ്ട്രീയമാണ് സരിൻ ഉന്നയിക്കുന്നത്. വടകരയിലുള്ള സിറ്റിങ് എംപി കെ.മുരളീധരൻ തോറ്റുപോകുമെന്ന് കോൺഗ്രസ് പ്രതീക്ഷിച്ചിരുന്നോ. അങ്ങനെ വടകരയ്ക്ക് ഫിറ്റല്ലാത്ത ഒരു സ്ഥാനാർഥി എങ്ങനെയാണ് തൃശ്ശൂരിന് ഫിറ്റാകുക. അതും ത്രികോണമത്സരം നടക്കുന്ന തൃശ്ശൂരിൽ. ഇടതുപക്ഷത്തിന്റെ ശക്തനായ പി.ജയരാജനെ അദ്ദേഹത്തിന്റെ തട്ടകത്തിൽ പരാജയപ്പെടുത്തിയാണ് വടകരയിൽ കെ.മുരളീധരൻ വിജയിച്ചത്. അവിടെ ഒരു ശക്തമായ മത്സരം കാഴ്ചവെക്കാൻ മുരളീധരൻ പോരായിരുന്നു എന്ന അഭിപ്രായം കോൺഗ്രസിനുണ്ടോ. ഇല്ലെങ്കിൽ എന്തിന് പാലക്കാട് എം.എൽ.എയെ അങ്ങോട്ട് അയച്ചത്. പാലക്കാട് തന്നെ ഒരു ഓപ്പൺ വേക്കൻസി ഉണ്ടാക്കാൻ കോൺഗ്രസ് ആഗ്രഹിച്ചതിനു പിന്നിൽ വ്യക്തമായ ഡീലുണ്ട്. ആ സംശയം അന്നു തന്നെ ഇടതുപക്ഷം ഉന്നയിച്ചു. ഇപ്പോൾ അതേ സംശയം കോൺഗ്രസുകാരനായിരുന്ന സരിൻ ഉന്നയിക്കുന്നു. ശരി പറഞ്ഞ സരിനെ സ്വീകരിക്കുന്നു.

കോൺഗ്രസിനകത്ത് ഐ ആം ദി സ്റ്റേറ്റ് എന്ന പോലെ ഐ ആം ദി കോൺഗ്രസ് എന്ന പവർ സെന്ററുണ്ടെന്ന് പല കോൺഗ്രസുകാരും ഒളിഞ്ഞും തെളിഞ്ഞും പറഞ്ഞിട്ടുണ്ട്. സരിൻ അത് ഉച്ചത്തിൽ വിളിച്ചു പറയുന്നു. ആ പ്രശ്നം ഉന്നയിച്ച് കോൺഗ്രസിൽ നിന്ന് വിട്ടിറങ്ങാൻ തന്റേടം കാണിക്കുന്നു. ആ സരിൻ ഇടതുപക്ഷത്തിന് സ്വീകരിക്കാനുള്ള രാഷ്ട്രീയബാധ്യതയുണ്ട്. കഴിഞ്ഞ കാലയളവിൽ കോൺഗ്രസ് ബിജെപിക്കെതിരെ നടത്തിയ രാഷ്ട്രീയസമരത്തെ കുറിച്ച് പറയാമോ എന്ന് സരിൻ ചോദിക്കുന്നു. ബിജെപിയെ രാഷ്ട്രീയമായി തുറന്നുകാണിക്കാനുള്ള ശ്രമം കോൺഗ്രസ് ഉപേക്ഷിച്ചു.

കോൺഗ്രസിന്റെ അധികാരരാഷ്ട്രീയത്തിനെതിരെയുള്ള സരിന്റെ കൈയുർത്തലിനെ സ്വീകരിക്കണം. കോൺഗ്രസ് നേതാവായിരിക്കെ ഏറ്റവും രൂക്ഷമായ ഭാഷയിൽ സിപിഎമ്മിനെയും ഡിവൈഎഫ്ഐയേയും ഒക്കെ വിമർശിച്ചയാളാണ് സരിൻ, ആ സരിനെ എങ്ങനെ ഇടതുപക്ഷത്തേക്ക് സ്വീകരിക്കുമെന്ന് ചില എതിരാളികൾ ചോദിക്കുന്നുണ്ട്. അതിൽ ഒരു രാഷ്ട്രീയവുമില്ല, ഒരു വസ്തുതയുമില്ല. സരിൻ ഇന്നലെ വരെ ഒരു കോൺഗ്രസുകാരനായി നിന്നാണ് അങ്ങനെ സംസാരിച്ചത്. ഒരു കോൺഗ്രസുകാരന് അങ്ങനെയേ സംസാരിക്കാൻ കഴിയൂ. അത് കോൺഗ്രസിന്റെ രാഷ്ട്രീയസംസ്‌കാരമാണ്. ആ സംസ്‌കാരം വിട്ട് അയാൾ പുറത്തുവന്നിരിക്കുകയാണ്. വെള്ളത്തിൽ കിടക്കുന്ന ഒരു കല്ലുപോലെയാണ്. കല്ലിൽ പായലുണ്ടാകും. അത് കല്ലിന്റെ കുഴപ്പമല്ല. കല്ല് കിടക്കുന്ന വെള്ളത്തിന്റെ കുഴപ്പമാണ്. വെള്ളത്തിലാണ് കല്ല് കിടക്കുന്നത് എന്നുകൊണ്ടാണ് ആ കല്ലിൽ പായലുണ്ടാകുക. ആ കല്ലെടുത്ത് വെള്ളത്തിനു പുറത്തിട്ടാൽ ആ കല്ല് നല്ല തിളക്കമുള്ള പളുങ്കുകല്ലാകും. സരിനും അങ്ങനെയാണ്. വെള്ളത്തിൽ കിടക്കുന്ന കല്ലിന് പായൽ പിടിച്ചേ മതിയാകൂ കോൺഗ്രസിൽ നിൽക്കുന്ന സരിന് കോൺഗ്രസിന്റെ ഭാഷയുണ്ടാകും സംസ്‌കാരമുണ്ടാകും എല്ലാ അധാർമ്മികതയുമുണ്ടാകും. കോൺഗ്രസ് വിട്ട് പുറത്തുവരട്ടെ. എല്ലാവരും ആ അധാർമ്മികത വിട്ട് പായൽ പരിസരം വിട്ട് പുറത്തുവരട്ടെ. പായൽ പരിസരം വിട്ട് തെറ്റായ പരിസരം വിട്ട് എല്ലാവരും ശരിയായ പരിസരത്തേക്ക് എത്തുക എന്നതാണ് ഇടതുപക്ഷത്തിന്റെ രാഷ്ട്രീയ പ്രവർത്തനത്തിന്റെ ആത്യന്തികമായ ലക്ഷ്യം. -എ.എ. റഹീം പറയുന്നു

Tags:    

Similar News