കഠിനാധ്വാനത്തിനു തയാറാണെങ്കില്‍ അസാധ്യമായി ഒന്നുമില്ലെന്നു ജീവിതംകൊണ്ടു തെളിയിച്ച കര്‍മനിരതനായ രാഷ്ട്രീയനേതാവാണ് ഉമ്മന്‍ ചാണ്ടി. അദ്ദേഹത്തിന് അസാധ്യമായത് ഒന്നുമില്ലെന്നു സഹപ്രവര്‍ത്തകര്‍ പോലും പറയുന്നു. ആരോപണങ്ങളില്‍ വീഴാതെ വികസനം മാത്രം ലക്ഷ്യമിട്ടായിരുന്നു അദ്ദേഹത്തിന്റെ പ്രവര്‍ത്തനം. ദീര്‍ഘവീക്ഷണം കൈമുതലയുള്ള അപൂര്‍വം ഭരണാധികാരികളില്‍ ഒരാളായിരുന്നു ഉമ്മന്‍ ചാണ്ടി. 50 വര്‍ഷത്തെ പൊതുജീവിതത്തിനിടയില്‍ ചെറുകിട പദ്ധതികള്‍ക്കു പുറമെ നിരവധി വന്‍കിട പദ്ധതികളാണ് അദ്ദേഹം നടപ്പാക്കുകയോ, തുടക്കം കുറിക്കുകയോ ചെയ്തിട്ടുള്ളത്.
വിഴിഞ്ഞം തുറമുഖം
മുഖ്യമന്ത്രി എന്ന നിലയില്‍ ഉമ്മന്‍ ചാണ്ടി വലിയ ആരോപണങ്ങള്‍ നേരിട്ട പദ്ധതിയാണ് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം. 2011ല്‍ മുഖ്യമന്ത്രിയായിരുന്നപ്പോള്‍ കേന്ദ്രത്തില്‍ ചെലുത്തിയ വലിയ സമ്മര്‍ദങ്ങളാണ് ഇരുപതു വര്‍ഷമായി മുടങ്ങിക്കിടന്ന പദ്ധതിക്കു ജീവന്‍വപ്പിച്ചത്. 1995ലാണ് വിഴിഞ്ഞം പദ്ധതിക്കു തുടക്കമിടുന്നത്.
അന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയായിരുന്ന പിണറായി വിജയന്‍ പദ്ധതിക്കെതിരെ രുക്ഷവിമര്‍ശനങ്ങളാണ് നടത്തിയത്. പദ്ധതിയില്‍ 6500 കോടിയുടെ അഴിമതിയുണ്ടെന്നായിരുന്നു പിണറായിയുടെ ആരോപണം. പിന്നീട്, അധികാരത്തിലെത്തിയ എല്‍ഡിഎഫ് പദ്ധതി നടപ്പാക്കുകയായിരുന്നു.
എല്ലാ ജില്ലയിലും മെഡിക്കല്‍ കോളജ്
സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ഒരു മെഡിക്കല്‍ കോളജ് എന്ന പദ്ധതി ആവിഷ്‌കരിച്ചത് ഉമ്മന്‍ ചാണ്ടിയാണ്. പുതുതായി എട്ട് മെഡിക്കല്‍ കോളജുകള്‍ സ്ഥാപിക്കാനാണ് ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ പദ്ധതി തയാറാക്കിയത്. 2013ല്‍ മഞ്ചേരിയില്‍ ആദ്യ മെഡിക്കല്‍ കോളജിന്റെ ഉദ്ഘാടനം.
കൊച്ചി മെട്രോ
വിഴിഞ്ഞം പോലെതന്നെ വലിയ അഴിമതി ആരോപണങ്ങള്‍ ഉയര്‍ന്നുകേട്ട മറ്റൊരു പദ്ധതിയാണ് കൊച്ചി മെട്രോ. 2012ല്‍ ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിയായിരിക്കുമ്പോഴാണ് മെട്രോ പദ്ധതിക്കു തുടക്കമാകുന്നത്. 2013ല്‍ ഡിഎംആര്‍സി നിര്‍മാണപ്രവൃത്തികള്‍ ആരംഭിച്ചു. 2017ല്‍ ആലുവ മുതല്‍ പാലാരിവട്ടം വരെ ആദ്യഘട്ടം സര്‍വീസ് ഉദ്ഘാടനം ചെയ്തു. പ്രധാനമന്ത്രി നരേന്ദ്ര മോദിയായിരുന്നു ഉദ്ഘാടകന്‍. ഉദ്ഘാടനവും വലിയ വിവാദങ്ങള്‍ക്കു വഴിവച്ചു.
കണ്ണൂര്‍ എയര്‍പോര്‍ട്ട്
2014ല്‍ ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിയായിരിക്കുമ്പോഴാണ് കണ്ണൂര്‍ വിമാനത്താവളത്തിന്റെ നിര്‍മാണപ്രവൃത്തികള്‍ക്കു തുടക്കമാകുന്നത്. 1997ല്‍ വിഭാവനം ചെയ്ത പദ്ധതിക്ക് 2008ലാണ് കേന്ദ്രാനുമതി ലഭിക്കുന്നത്. വ്യോമസേനയുടെ വിമാനമാണ് പരീക്ഷണാര്‍ഥം ആദ്യമായി എയര്‍പോര്‍ട്ടിലിറക്കിയത്. 2018ല്‍ ഡിസംബറില്‍ എയര്‍പോര്‍ട്ട് പ്രവര്‍ത്തനം ആരംഭിച്ചു.