യുവാവ് ഷോക്കേറ്റ് മരിച്ച സംഭവം; കെഎസ്ഇബിയുടെ വീഴ്ചയെന്ന് അന്വേഷണ റിപ്പോര്‍ട്ട്

Update: 2024-10-09 09:37 GMT

കോഴിക്കോട് കുറ്റിക്കാട്ടൂരില്‍ കടവരാന്തയിൽ നിന്ന് യുവാവ് ഷോക്കേറ്റ് മരിച്ചത് കെഎസ്ഇബിയുടെ വീഴ്ചയാണെന്ന് അന്വേഷണ റിപ്പോര്‍ട്ട്. ഓവര്‍സിയറുള്‍പ്പെടെ മൂന്ന് ജീവനക്കാരുടെ ജാഗ്രതക്കുറവ് അപകടത്തിന് കാരണമായതായും ഇലക്ട്രിക്കല്‍ ഇന്‍സ്പക്ട്രേറ്റിന്‍റെ അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. അന്വേഷണ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ കുറ്റക്കാര്‍ക്കെതിരെ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് മരിച്ച മുഹമ്മദ് റിജാസിന്‍റെ കുടുംബം ആവശ്യപ്പെട്ടിരിക്കുന്നത്.

കഴിഞ്ഞ മെയ് 20നാണ് മഴ നനയാതിരിക്കാനായി സ്കൂട്ടര്‍ നിര്‍ത്തി കുറ്റിക്കാട്ടൂരിലെ കടവരാന്തയില്‍ കയറി നിന്ന മുഹമ്മദ് റിജാസ് കടയുടെ മുമ്പിലെ തൂണില്‍ നിന്നും ഷോക്കേറ്റ് മരിച്ചത്. തൂണിലൂടെ വൈദ്യുതി പ്രവഹിച്ചിരുന്നുവെന്ന കാര്യം മുമ്പ് കടയുടമ കെ എസ് ഇ ബി അധികൃതരെ അറിയിച്ചെങ്കിലും പ്രശ്നം പരിഹരിച്ചില്ലെന്നായിരുന്നു ഉയർന്ന ആരോപണം. നിലവിൽ ഈ ആരോപണം ശരി വെക്കുന്നതാണ് ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടറേറ്റിന്‍റെ അന്വേഷണ റിപ്പോര്‍ട്ട്. കടയിലേക്കുള്ള സര്‍വീസ് വയറിലെ ഫേസ് കണ്ടക്ടറിന‍്റെ ഇന്‍സുലേഷന് തകരാറ് സംഭവിച്ചിരുന്നു. ഇതു മൂലമാണ് കടമുറിയിലെ ജി ഐ ഷീറ്റിലൂടെ ഇരുമ്പ് തൂണിലേക്ക് വൈദ്യുതി പ്രവഹിച്ചതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇതാണ് റിജാസിന് ഷോക്കേല്‍ക്കാനുള്ള കാരണം.

അതേസമയം കെ എസ് ഇ ബിയുടെ വീഴ്ച വ്യക്തമായതോടെ ഒരു കോടി രൂപയെങ്കിലും കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണമെന്ന് ആവശ്യപ്പെട്ട് പ്രക്ഷോഭം തുടങ്ങാനുള്ള ഒരുക്കത്തിലാണ് ആക്ഷന്‍ കമ്മറ്റി. റിജാസിന്‍റെ മരണത്തില്‍ കെ എസ് ഇ ബി നല്‍കിയ പരാതിയില്‍ പോലീസ് കുന്ദമംഗംലം കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചിട്ടുണ്ട്. രണ്ട് ലൈന്‍മാന്‍മാരുള്‍പ്പെടെ മൂന്ന് ജീവനക്കാര്‍ക്കെതിരെ മനപൂര്‍വ്വമല്ലാത്ത നരഹത്യാകുറ്റമാണ് പോലീസ് ചുമത്തിയിരിക്കുന്നത്.

Tags:    

Similar News