നവകേരള ബസിന് കരിങ്കൊടി കാണിച്ച സംഭവം; ആത്മഹത്യ ചെയ്യാനെത്തിയതിനെ അപലപിക്കുന്നതെന്തിനെന്ന് എം വി ഗോവിന്ദൻ; ഭീകരപ്രവർത്തനമെന്ന് ജയരാജൻ

Update: 2023-11-21 05:44 GMT

നവകേരള ബസിന് കരിങ്കൊടി കാണിച്ച യൂത്ത് കോൺഗ്രസുകാരെ സി പി എം - ഡി വൈ എഫ് ഐ പ്രവർത്തകർ ആക്രമിച്ചതിനെ അപലപിക്കില്ലെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. യൂത്ത് കോൺഗ്രസ് പ്രവർത്തകർ ആത്മഹത്യാ സ്‌ക്വാഡായി മാറി. ചാടി ആത്മഹത്യ ചെയ്യാനെത്തിയതിനെ അപലപിക്കുന്നതെന്തിനാണെന്ന് അദ്ദേഹം ചോദിച്ചു. ആസൂത്രിതമായി ആക്രമണം നടത്താനാണ് കോൺഗ്രസിന്റെ പദ്ധതി. ഈ പ്രകോപനത്തിൽ പാർട്ടി പ്രവർത്തകർ വീണുപോകരുതെന്ന് ഗോവിന്ദൻ ആവശ്യപ്പെട്ടു. ഒരു തരത്തിലുള്ള ആക്രമണവും ഉണ്ടാകാൻ പാടില്ലെന്നും അക്രമം നടത്താൻ അനുവദിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, യൂത്ത് കോൺഗ്രസുകാരുടെ ഭാഗത്തുനിന്നുണ്ടായത് ഭീകരവാദപ്രവർത്തനമാണെന്ന് എൽ ഡി എഫ് കൺവീനർ ഇ പി ജയരാജൻ പ്രതികരിച്ചു. ജനാധിപത്യപ്രതിഷേധമല്ല നടന്നത്. കോൺഗ്രസ് പ്രവർത്തകർ കല്ലും വടിയുമായിട്ടാണ് വന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയനെ അപായപ്പെടുത്തുകയായിരുന്നു ലക്ഷ്യമെന്നും ജയരാജൻ ആരോപിച്ചു. ഇത് കേരളമായതുകൊണ്ട് അവർക്ക് ഒന്നും സംഭവിച്ചില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 

Tags:    

Similar News