അന്ന് മൂന്നു ദിവസം കഴിഞ്ഞായിരുന്നു ദിനപത്രം എത്തിയിരുന്നത്; ബെന്യാമിൻ

Update: 2023-06-19 11:02 GMT

പണ്ട്, യൂറോപ്പിലേക്കോ അമേരിക്കയിലേക്കോ കിഴക്കൻ രാജ്യങ്ങളിലേക്കോ കുടിയേറിപ്പോയ ഒരാൾക്ക് ഭാഷ ഉപയോഗിക്കാൻ കിട്ടുന്ന അവസരം കുറവായിരുന്നുവെന്ന് മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരൻ ബെന്യാമിൻ. പതിയെപ്പതിയെ അവർ ഭാഷയിൽ നിന്ന് അകന്നുപോവുകയും അവരുടെ ഉള്ളിൽ ഭാഷ മരണപ്പെടുകയും ചെയ്യുമായിരുന്നു.

ഞാൻ ഗൾഫിൽ എത്തിപ്പെട്ട തൊണ്ണൂറുകളുടെ തുടക്കത്തിൽപോലും മൂന്നു ദിവസം കഴിഞ്ഞായിരുന്നു ദിനപത്രം എത്തുന്നത്. അന്ന് 'ലുങ്കി ന്യൂസ്' എന്നറിയപ്പെടുന്ന വാമൊഴിയിലൂടെയായിരുന്നു പലവാർത്തകളും (അതിൽ സത്യങ്ങളും അസത്യങ്ങളും ഉണ്ടായിരുന്നു) ലഭിച്ചിരുന്നത്. അത് സൃഷ്ടിച്ചിരുന്ന ഒരു 'വാർത്താവിടവിനെ' ആണ് സാങ്കേതിക വിദ്യ റദ്ദു ചെയ്തുകളഞ്ഞത്. ദേശം അകലെയാണ് എത്തിപ്പിടിക്കാനാവാത്തതാണ് നഷ്ടപ്പെട്ടു പോയതാണ് എന്നീ വിചാരങ്ങളെ നീക്കിക്കളയുവാനും മുൻകാല കുടിയേറ്റക്കാരിൽ വ്യാപകമായി ഉണ്ടായിരുന്ന കാലത്തിന്റെ നിശ്ചലാവസ്ഥ ഒരളവുവരെ മാറിക്കിട്ടാനും അതു കാരണമായിട്ടുണ്ട്. തങ്ങൾ എവിടെവച്ച് നിറുത്തിപ്പോയോ അവിടെ കേരളം 'പോസ് ബട്ടൻ ഞെക്കി' നിൽക്കുന്നു എന്നായിരുന്നു പല പഴയകാല കുടിയേറ്റക്കാരുടെയും വിചാരം.

എൽ.എം.എൽ വെസ്പയാണ് കേരളത്തിൽ കിട്ടുന്ന ഏറ്റവും മുന്തിയ വാഹനമെന്നും കെൽട്രോണിന്റെ ടി.വിയാണ് ഇപ്പോഴും എല്ലാവരും കാണുന്നതെന്നും പത്മരാജനു ശേഷം സിനിമയും കടമ്മനിട്ടയ്ക്കു ശേഷം കവിതയും ഉണ്ടായിട്ടില്ലെന്നും ആവിത്തീവണ്ടികളാണ് ഇപ്പോഴും കേരളത്തിൽ ഓടുന്നതെന്നും വിചാരിക്കുന്നവർ വിദേശമലയാളികളുടെ കൂട്ടത്തിൽ ഉണ്ടായിരുന്നു എന്നുപറഞ്ഞാൽ അത് അതിശയോക്തിയല്ലെന്നും ബെന്യാമിൻ പറഞ്ഞു.

Tags:    

Similar News