മുതിർന്ന സ്ത്രീകൾക്കായി പകൽ വീടുകളൊരുക്കണമെന്ന് അറിയിച്ച് വനിതാ കമ്മിഷൻ അദ്ധ്യക്ഷ അഡ്വക്കേറ്റ് പി സതീദേവി. വാർദ്ധക്യകാലത്ത് കുടുംബങ്ങളിൽപ്പോലും ഒറ്റപ്പെട്ടുകഴിയേണ്ടി വരുന്ന സ്ത്രീകൾക്ക് വേണ്ടി എല്ലാ പ്രദേശങ്ങളിലും പകൽ വീട് ഒരുക്കാൻ തദ്ദേശസ്ഥാപനങ്ങൾ മുന്നോട്ട് വരണമെന്ന് സതീദേവി അഭ്യർത്ഥിച്ചു. ഇക്കാര്യം സംസ്ഥാന സർക്കാരിന് കമ്മീഷൻ ശുപാർശയായി നൽകും. കണ്ണൂർ കളക്ടറേറ്റ് ഓഡിറ്റോറിയത്തിൽ നടത്തിയ ജില്ലാതല അദാലത്തിനു ശേഷം സംസാരിക്കുകയായിരുന്നു വനിതാ കമ്മീഷൻ അദ്ധ്യക്ഷ.
'നല്ല സാമ്പത്തിക ശേഷിയോടെ കഴിഞ്ഞിരുന്നവർ പോലും പ്രായമായാൽ കുടുംബങ്ങളിൽ ഒറ്റപ്പെടുന്ന സ്ഥിതിയുണ്ട്. മാതാപിതാക്കളുടെ സ്വത്തും സമ്പാദ്യവുമെല്ലാം ലഭിക്കുന്ന മക്കൾ പിന്നീട് ഇവരെ പരിഗണിക്കുന്നില്ലെന്ന പരാതികൾ വർദ്ധിക്കുന്നു. ചെറുമക്കൾ പോലും ഇവർക്ക് പരിഗണന നൽകുന്നില്ല. പട്ടണങ്ങളിൽ മാത്രമല്ല, ഗ്രാമപ്രദേശങ്ങളിലും ഇപ്പോൾ ഈ അവസ്ഥ ഏറി വരുന്നു. വാർദ്ധക്യത്തിൽ ഒറ്റപ്പെട്ട് കഴിയേണ്ടി വരുന്ന സ്ത്രീകളുടെ കാര്യമാണ് കൂടുതൽ ദയനീയമാകുന്നത്. മാനസിക ഉല്ലാസത്തിനുള്ള ഒരു ഉപാധിയും ഇവർക്ക് ഇല്ല. അതിനാൽ പകൽ സമയമെങ്കിലും മാനസിക സന്തോഷം ലഭിക്കും വിധം പകൽ വീടുകൾ ഉണ്ടാകുന്നത് ഗുണകരമായിരിക്കും.
കേരളത്തിൽ ജനസാന്ദ്രത കൂടുന്നതിന് അനുസരിച്ച് അയൽവാസികൾ തമ്മിലുള്ള പ്രശ്നങ്ങൾ പരാതിയായി വരുന്നത് വർദ്ധിക്കുകയാണ്. വഴിതർക്കങ്ങൾ, സഞ്ചാര സ്വാതന്ത്ര്യം നിഷേധിക്കുന്നത് തുടങ്ങി മാലിന്യ പ്രശ്നങ്ങൾ വരെ കമ്മിഷന്റെ മുമ്പിൽ പരാതിയായി വരുന്നുണ്ട്. തദ്ദേശസ്ഥാപനങ്ങൾ ജാഗ്രതാ സമിതികളുടെ പ്രവർത്തനം ഫലപ്രദമാക്കിയാൽ ഇതുപോലുള്ള പ്രശ്നങ്ങൾ രമ്യമായി പരിഹരിക്കാനും നാട്ടിൽ സൗഹൃദാന്തരീക്ഷം ഉണ്ടാക്കാനും കഴിയും. ജാഗ്രതാ സമിതികൾക്ക് ഇത്തരം കാര്യങ്ങളിൽ പരിശീലം നൽകാൻ കമ്മിഷൻ പരിപാടി തയാറാക്കിയിട്ടുണ്ട്. ഓഗസ്തിൽ ഇത് ആരംഭിക്കും.
സമൂഹത്തിൽ ലിംഗ തുല്യത പ്രധാന വിഷയമായി വരുന്നുണ്ട്. ഈ വിഷയത്തിൽ വിപുലമായ കാമ്പയിന്‍ ആസൂത്രണം ചെയ്യുകയാണ്. സംസ്ഥാന, ജില്ലാ, ഉപജില്ലാ തലങ്ങളിൽ സെമിനാറും മറ്റ് ബോധവൽക്കരണ പരിപാടികളുമാണ് ആലോചിക്കുന്നത്. തൊഴിലിടങ്ങളിലെ പരാതി പരിഹാര സെല്ലുകൾ സജ്ജമാക്കുന്നതിൽ ആവശ്യമായ ഇടപെടൽ നടത്താൻ ജില്ലാ കളക്ടർമാർ മുകൈയെടുക്കും' സതീദേവി പറഞ്ഞു.
വിദ്യാലയങ്ങൾ കേന്ദ്രീകരിച്ച് കലാലയ ജ്യോതി എന്ന പേരിൽ ബോധവൽക്കരണ പദ്ധതി നടത്തും. സൈബർ വിഷയങ്ങൾ, ആരോഗ്യകരമായ ബന്ധങ്ങൾ, ലഹരി വിരുദ്ധ ബോധവൽക്കരണം തുടങ്ങിയ വിഷയങ്ങളിലാണ് കാമ്പയിൻ നടത്തുകയെന്നും വനിതാ കമ്മിഷൻ അധ്യക്ഷ പറഞ്ഞു.
കണ്ണൂരിലെ ജില്ലാതല അദാലത്തിൽ 12 പരാതികൾ തീർപ്പാക്കി. അഞ്ച് പരാതിയിൽ പൊലീസിന്റെ റിപ്പോർട്ട് തേടി. മൂന്ന് പരാതികൾ ജാഗ്രതാ സമിതിയുടെ റിപ്പോർട്ടിനായി വിട്ടു. രണ്ട് പരാതി ലീഗൽ സർവീസ് അതോറിറ്റിയുടെ നിയമസഹായം ലഭ്യമാക്കാൻ നിർദ്ദേശിച്ചു. 45 പരാതി അടുത്ത സിറ്റിങ്ങിനായി മാറ്റി. ആകെ 67 പരാതികളാണ് പരിഗണിച്ചത്. സതീദേവിയും വനിതാ കമ്മിഷൻ അംഗം അഡ്വക്കേറ്റ് പി. കുഞ്ഞായിഷയും പരാതികൾ തീർപ്പാക്കി. അഡ്വക്കേറ്റ് ഷിമ്മി, അഡ്വക്കേറ്റ്. ചിത്തിര ശശിധരൻ, കൗൺസിലർ മാനസ പി ബാബു എന്നിവരും ജില്ലാതല അദാലത്തിൽ പങ്കെടുത്തു.womens commission chairperson advocate p sathi devi