തമിഴ്നാട്ടിലെ തെങ്കാശിയിൽ മലയാളി റെയിൽവേ ഗേറ്റ് കീപ്പർക്ക് നേരേ ക്രൂരമായ ആക്രമണം. തെങ്കാശി പാവൂർഛത്രം റെയിൽവേ ഗേറ്റിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന കൊല്ലം സ്വദേശിയായ യുവതിയാണ് ആക്രമണത്തിനിരയായത്. റെയിൽവേ ട്രാക്കിലൂടെ യുവതിയെ വലിച്ചിഴച്ച അക്രമി, ലൈംഗികമായി പീഡിപ്പിക്കാനും ശ്രമിച്ചു. ഗുരുതരമായി പരിക്കേറ്റ യുവതി തിരുനെൽവേലിയിലെ ആശുപത്രിയിൽ ചികിത്സയിലാണ്.
വ്യാഴാഴ്ച രാത്രി എട്ടുമണിയോടെയായിരുന്നു സംഭവം. റെയിൽവേ ഗേറ്റിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ജീവനക്കാരി വീട്ടിലേക്ക് ഫോൺചെയ്യുന്നതിനിടെയാണ് അക്രമി എത്തിയത്. യുവതിയുടെ മുഖത്ത് കല്ലുകൊണ്ടിടിച്ച ഇയാൾ ക്രൂരമായി മർദിക്കുകയായിരുന്നു. റെയിൽവേ ട്രാക്കിലൂടെ വലിച്ചിഴയ്ക്കുകയും ലൈംഗികമായി പീഡിപ്പിക്കാനും ശ്രമിച്ചു. എന്നാൽ യുവതി നിലവിളിച്ചതോടെ അക്രമി സംഭവസ്ഥലത്തുനിന്ന് ഓടിരക്ഷപ്പെട്ടു. ഗുരുതരമായി പരിക്കേറ്റനിലയിൽ കണ്ടെത്തിയ ജീവനക്കാരിയെ പിന്നീട് നാട്ടുകാരാണ് സമീപത്തെ ആശുപത്രിയിൽ എത്തിച്ചത്. ഇവിടെനിന്ന് തിരുനെൽവേലിയിലെ ആശുപത്രിയിലേക്ക് മാറ്റി. അക്രമിയെ കണ്ടെത്താൻ തെങ്കാശി പോലീസ് തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്