എൽദോസ് കുന്നപ്പിള്ളിക്കെതിരെ നടപടി ഉണ്ടാകും; കമ്മീഷനെ വച്ച് തീവ്രത അളക്കില്ലെന്ന് കെ സുധാകരൻ
ജനപ്രതിനിധിയിൽ നിന്ന് ഒരിക്കലും സംഭവിക്കാൻ പാടില്ലാത്തതാണ് എൽദോസ് കുന്നപ്പിള്ളിൽ എംഎൽഎയുടെ ഭാഗത്ത് നിന്ന് ഉണ്ടായതെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. ഇതുപോലെ ഒരാളെ സംരക്ഷിക്കേണ്ട അവസ്ഥ കെപിസിസിക്ക് ഇല്ല. അങ്ങനെ തരംതാഴുകയും ഇല്ല. കമ്മീഷനെ വച്ച് തീവ്രത അളക്കില്ല. അത് കോൺഗ്രസിൻറെ നിലപാട് അല്ല .ഇതൊക്കെ സിപിഎം ചെയ്യുന്നതാണ്. കുറ്റം ചെയ്തവർക്കെതിരെ കോൺഗ്രസ് നടപടി എടുക്കും. വിശദീകരണം വൈകിയാൽ അതിനു കാക്കാതെ നടപടി എടുക്കുമെന്നും കെ സുധാകരൻ പറഞ്ഞു.
എന്താണ് സംഭവിച്ചതെന്നതിൽ എംഎൽഎയുടെ ഭാഗം കേൾക്കാനാണ് വിശദീകരണം തേടിയത്. പക്ഷേ വിശദീകരണം കിട്ടിയിട്ടില്ല. ഫോണിലും കിട്ടുന്നില്ല. നിലവിലെ നിയമനടപടിയെ മറികടക്കാനാകും ഒളിവിൽ പോയത്. കെപിസിസി അംഗം മാത്രമാണെങ്കിലും പാർട്ടി പ്രവർത്തനങ്ങളിൽ നിന്ന് മാറ്റി നിർത്തുമെന്നും കെ സുധാകരൻ അറിയിച്ചു.