'കൽപറ്റ വരെ വന്നപ്പോൾ അവന്റെ കോളജും റൂമും കാണണമെന്ന് തോന്നി' ; വയനാട് പൂക്കോട് വെറ്ററിനറി കോളജിൽ സന്ദർശനം നടത്തി സിദ്ധാർത്ഥന്റെ അച്ഛൻ

Update: 2024-04-03 12:29 GMT

വയനാട് പൂക്കോട് വെറ്ററിനറി കോളേജിൽ റാ​ഗിങ്ങിന് ഇരയായി കൊല്ലപ്പെട്ട സിദ്ധാർത്ഥന്റെ അച്ഛൻ ജയപ്രകാശ് പൂക്കോട് ക്യാംപസിൽ സന്ദർശനം നടത്തി. സിദ്ധാർത്ഥ് മരിച്ചതിന് ശേഷം ആദ്യമായിട്ടാണ് ജയപ്രകാശ് ഇവിടെ എത്തുന്നത്. ഇവിടെ വരണമെന്ന് ആ​ഗ്രഹിച്ചതല്ല എന്നായിരുന്നു ജയപ്രകാശിന്റെ ആദ്യപ്രതികരണം. ഇവിടെ വന്ന് കണ്ടപ്പോൾ എല്ലാം ബോധ്യപ്പെട്ടു എന്നും ജയപ്രകാശ് കൂട്ടിച്ചേർത്തു. സിദ്ധാർത്ഥിന്റെ ഹോസ്റ്റലിലെത്തിയ ജയപ്രകാശ് മകൻ താമസിച്ചിരുന്ന മുറിയിലും സന്ദർശനം നടത്തി.

''ഇന്ന് രാഹുൽ ​ഗാന്ധിയെ കാണാനുള്ള അവസരം ലഭിച്ചു. അദ്ദേഹത്തെ കാണേണ്ട അത്യാവശ്യമുണ്ടായിരുന്നു. കൽപറ്റ വരെ വന്നപ്പോൾ എനിക്ക് തോന്നി അവന്റെ കോളേജും അവന്റെ റൂമും കാണണമെന്ന്. അവന്റെ സഹപാഠികളും അവനെ പഠിപ്പിച്ച ആൾക്കാരും എല്ലാവരും കൂടി അടിച്ചു കൊന്ന് കഴുവേറ്റിയ സ്ഥലമല്ലേ? എനിക്കത് കാണണമായിരുന്നു. ആ ​ഗ്രൗണ്ട് നിങ്ങളും കാണുന്നില്ലേ? അവിടെ വെച്ചാണ് അവനെ അടിച്ചു കൊന്ന് കെട്ടിത്തൂക്കിയത്. വളരെ സന്തോഷത്തോടെ ഒരിക്കൽ ഞാനിവിടെ വന്നിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം, ഹോസ്റ്റലിലല്ല, കോളേജിൽ അവനെ കൊണ്ടുപോകാൻ വേണ്ടിയിട്ട്. മതിയായി ഞാൻ പോകുന്നു.'' ജയപ്രകാശ് പറഞ്ഞു.

പത്രികാ സമർപ്പണത്തിന് ശേഷം രാഹുൽ ഗാന്ധി ജയപ്രകാശുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. നീതി കിട്ടാൻ രാഹുൽ പൂർണ പിന്തുണ വാഗ്ദാനം ചെയ്തെന്ന് ജയപ്രകാശ് പറഞ്ഞു. കൽപ്പറ്റ മരവയൽ ആദിവാസി കോളനിയിലും രാഹുൽ ഗാന്ധിയും പ്രിയങ്കയുമെത്തി. കളക്ടറേറ്റിൽ പത്രിക നൽകിയതിന് ശേഷം സ്വകാര്യ ഹോട്ടലിലെത്തിയപ്പോഴായിരുന്നു സിദ്ധാർത്ഥിന്റെ അച്ഛനെ രാഹുൽ ഗാന്ധി കണ്ടത്. കൂടിക്കാഴ്ച പത്ത് മിനിറ്റ് നീണ്ടു. ​രാഹുൽ ​ഗാന്ധിയെ ആശങ്ക അറിയിക്കാനെത്തിയതെന്ന് ജയപ്രകാശ് വ്യക്തമാക്കി. സഹോദരനെപ്പോലെ രാഹുൽ കേട്ടെന്നും ജയപ്രകാശ് പ്രതികരിച്ചു.

Tags:    

Similar News