'അത് നിങ്ങളുടെ തെറ്റല്ല'; നോ എന്ന് പറയാനുളള പ്രിവിലേജ് ഇല്ലാത്ത സ്ത്രീകളോട് ഡബ്ല്യുസിസി

Update: 2024-08-26 08:32 GMT

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ ഉയർന്ന കോളിളക്കങ്ങളിൽ പ്രതികരിച്ച് ഡബ്ല്യുസിസി. മാറ്റം അനിവാര്യമാണ്. നോ പറയാൻ പ്രിവിലേജോ സാഹചര്യമോ ഇല്ലാത്ത സ്ത്രീകളോട്, അത് നിങ്ങളുടെ തെറ്റല്ല. സുരക്ഷിതമായ തൊഴിലിടം ഒരുമിച്ച് സൃഷ്ടിക്കാമെന്നാണ് അതെല്ലാം ഉള്ള സ്ത്രീകളോട് പറയാനുള്ളതെന്നും ഡബ്ല്യുസിസി കുറിച്ചു. സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച പോസ്റ്റിലായിരുന്നു ഡബ്ല്യുസിസിയുടെ പരാമർശം.

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതോടെ സധൈര്യം തങ്ങൾ നേരിട്ട ദുരനുഭവങ്ങൾ വെളിപ്പെടുത്താൻ സ്ത്രീകൾ രം​ഗത്തെത്തുകയാണ്. ഇതെല്ലാം തുടക്കമിട്ടത് പോരാടുമെന്ന ഒരു സ്ത്രീയുടെ ദൃഢനിശ്ചയത്തിൽ നിന്നാണെന്ന് കഴിഞ്ഞ ദിവസം ​ഗീതു മോഹൻദാസ് മഞ്ജുവാര്യർ ഉൾപ്പെടെയുള്ളവർ കുറിച്ചിരുന്നു.

എംഎൽഎയായ മുകേഷ്, എഎംഎംഎ ജനറൽ സെക്രട്ടറിയായിരുന്ന സിദ്ദിഖ്, ചലച്ചിത്ര അക്കാദമി ചെയർമാൻ ആയിരുന്ന രഞ്ജിത് തുടങ്ങി നിരവധി പ്രമുഖ വ്യക്തികൾക്കെതിരെയും ആരോപണങ്ങൾ ഉയരുന്നുണ്ട്. ​ലൈംഗികാരോപണത്തിൻ്റെ അടിസ്ഥാനത്തിൽ സിദ്ദിഖ്, രഞ്ജിത്ത് എന്നിവർ പ്രസ്തുത സ്ഥാനങ്ങളിൽ നിന്നും ഒഴിഞ്ഞിരുന്നു. എഎംഎംഎ ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് നിയോ​ഗിക്കപ്പെടേണ്ടിയിരുന്ന ബാബു രാജിനെതിരെയും ലൈം​ഗികാരോപണം ഉയർന്നിട്ടുണ്ട്. ജയസൂര്യ, ഇടവേള ബാബു, മണിയൻപിള്ള രാജു, തുടങ്ങിയവർക്കെതിരെയും ആരോപണം ഉയർന്നിട്ടുണ്ട്.


അതേസമയം ഹേമ കമ്മിറ്റി റിപ്പോർട്ടിൽ നിലപാട് അറിയിക്കുമെന്ന് ഫെഫ്ക അറിയിച്ചു. ഫെഫ്കയുടെ ഘടക യൂണിയനുകൾ റിപ്പോർട്ട് വിശകലനം ചെയ്യും. സ്ത്രീ സുരക്ഷ സംബന്ധിച്ച പ്രശ്നങ്ങൾക്കും ഫെഫ്കയുമായി ബന്ധപ്പെട്ട കാര്യങ്ങൾക്കും ഊന്നൽ നൽകിയാകും റിപ്പോർട്ട് വിശകലനം ചെയ്യുക. ഇത് സംബന്ധിച്ച് ഫെഫ്ക ജനറൽ സെക്രട്ടറി ഘടക യൂണിയനുകൾക്ക് കത്തയച്ചു. ലൈംഗികാതിക്രമത്തെ കുറിച്ചും ചൂഷണത്തെക്കുറിച്ചും വനിതാ സഹപ്രവർത്തകർ നടത്തിയ തുറന്നുപറച്ചിലുകൾ ഞെട്ടിക്കുന്നതാണെന്നും ഫെഫ്ക കൂട്ടിച്ചേർത്തു. വിശകലന റിപ്പോർട്ട് ചർച്ച ചെയ്യാൻ ഓഗസ്റ്റ് 31, സെപ്റ്റംബർ 1, 2 തീയതികളിൽ ഫെഫ്ക യോഗം ചേരും.

Tags:    

Similar News