'നൽകിയ സ്നേഹത്തിന് പകരം നൽകാൻ വയനാട് അവസരം തരുമെന്ന് കരുതുന്നു': വോട്ടെടുപ്പ് നടക്കുന്ന ബൂത്തുകൾ സന്ദർശിച്ച് പ്രിയങ്ക ഗാന്ധി
പാര്‍ലെമെന്‍റില്‍ അതിശക്തമായ പ്രതിപക്ഷം ഉണ്ടാകുമെന്ന് വയനാട് യുഡിഎഫ് സ്ഥാനാർത്ഥി പ്രിയങ്ക ഗാന്ധി. ബിജെപിയെ ശക്തമായി എതിര്‍ക്കും. അക്കാര്യം ഉറപ്പ് നൽകുന്നുവെന്നും പ്രിയങ്ക പറഞ്ഞു.
പാർലമെന്റിൽ തന്റെ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുമെന്നും തന്റെ പ്രതീക്ഷകൾ ഇതിനകം തന്നെ സഫലമായി എന്നും പ്രിയങ്ക ചൂണ്ടിക്കാട്ടി. നൽകിയ സ്നേഹത്തിന് പകരം നൽകാൻ വയനാട് അവസരം തരുമെന്ന് കരുതുന്നു. വോട്ടെടുപ്പ് നടക്കുന്ന ബൂത്തുകളും പ്രിയങ്ക ഗാന്ധി സന്ദർശിച്ചു.
വയനാട് ലോക്സഭാ മണ്ഡലത്തില്‍ രാവിലെ 7 മണിക്ക് തന്നെ വോട്ടെടുപ്പ് ആരംഭിച്ചു. 117 ആം നമ്പർ ബൂത്തിൽ വോട്ടിംഗ് തടസ്സപ്പെട്ടിരുന്നു. വോട്ടിംഗ് യന്ത്രത്തിലെ തകരാറാണ് കാരണം. അഗസ്ത്യമുഴിയിലെ 117 ആം നമ്പർ ബൂത്തിൽ രണ്ടുപേർ വോട്ട് രേഖപ്പെടുത്തി കഴിഞ്ഞപ്പോഴാണ് ഇവിഎം തകരാർ ആയത്.
വയനാട്ടിൽ ആകെ 14,71,742 വോട്ടർമാരാണുള്ളത്. 30 ഓക്‌സിലറി ബൂത്തുകൾ ഉൾപ്പെടെ ആകെ 1354 പോളിങ്ങ് സ്റ്റേഷനുകളാണ് സജ്ജമായിട്ടുള്ളത്. ജില്ലയിൽ രണ്ട് ബൂത്തുകളാണ് അതീവ സുരക്ഷാ പട്ടികയിൽ ഉൾപ്പെട്ടത്