വെണ്ണിയോട് പാത്തിക്കൽ കടവ് പാലത്തിൽനിന്ന് കുഞ്ഞുമായി പുഴയിൽ ചാടി അമ്മയും കുഞ്ഞും മരിച്ച സംഭവത്തിൽ ഭർതൃ വീട്ടുകാർക്കെതിരെ കേസ്. ഭർത്താവിന്റെയും കുടുംബാംഗങ്ങളുടെയും പീഡനം നിമിത്തമാണ് യുവതി കുഞ്ഞുമായി പുഴയിൽ ചാടി ജീവനൊടുക്കിയതെന്ന യുവതിയുടെ മാതാപിതാക്കളുടെ പരാതിയിലാണ് കേസ്. ഗാർഹിക പീഡനം, ആത്മഹത്യാ പ്രേരണ എന്നീ കുറ്റങ്ങൾ ചുമത്തിയാണ് കേസ്. കൽപറ്റ ഡിവൈഎസ്പിയാണ് കേസ് അന്വേഷിക്കുന്നത്.
കണിയാമ്പറ്റ ചീങ്ങാടി വിജയമന്ദിരത്തിൽ വി.ജി.വിജയകുമാറിന്റെയും വിശാലാക്ഷിയുടെയും മകൾ ദർശനയാണ് (32), മകൾ 5 വയസ്സുകാരി ദക്ഷയുമൊത്തു പുഴയിൽ ചാടി മരിച്ചത്. ദർശനയുടെ ഭർത്താവ് വെണ്ണിയോട് അനന്തഗിരിയിൽ ഓംപ്രകാശ്, പിതാവ് റിഷഭരാജ്, മാതാവ് ബ്രാഹ്‌മില എന്നിവർക്കെതിരെയാണ് പൊലീസ് കേസെടുത്തത്. ഇവർ ഒളിവിലാണെന്ന് പൊലീസ് അറിയിച്ചു.
13നു വൈകിട്ട് 3 മണിയോടെയാണു കീടനാശിനി കഴിച്ചതിനു ശേഷം, ഭർത്താവിന്റെ വീടിനു സമീപത്തെ വെണ്ണിയോട് വലിയ പുഴയിലേക്ക് ദർശന മകൾ ദക്ഷയുമായി പുഴയിലേക്കു ചാടിയത്. നാട്ടുകാർ ദർശനയെ രക്ഷപ്പെടുത്തി ആശുപത്രിയിൽ എത്തിക്കുകയും പിന്നീട് ചികിത്സയ്ക്കിടെ ആശുപത്രിയിൽ മരിക്കുകയും ചെയ്തു. ദർശന 5 മാസം ഗർഭിണിയുമായിരുന്നു. കുട്ടിയുടെ മൃതദേഹം 3 ദിവസങ്ങൾക്ക് ശേഷമാണു ലഭിച്ചത്.