വയനാട് ദുരന്തത്തെ എൽ-3 പട്ടികയിൽ ഉൾപ്പെടുത്തണം; സഹായം ലഭ്യമാക്കാൻ കേന്ദ്രം തയ്യാറാകണമെന്ന് വിഡി സതീശൻ

Update: 2024-08-05 06:12 GMT

വയനാട് ദുരന്തത്തെ കേന്ദ്രസർക്കാർ എൽ3 പട്ടികയിൽ ഉൾപ്പെടുത്തണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. അന്താരാഷ്ട്ര കാഴ്ചപ്പാട് അനുസരിച്ച് ഈ പട്ടികയിൽ ഉൾപ്പെടുത്തേണ്ടതാണ് ഈ ദുരന്തത്തെ. ദേശീയ ദുരന്തമായി പ്രഖ്യാപിക്കാൻ സാധിച്ചില്ലെങ്കിലും ആ നിലയിലുള്ള സഹായം കേരളത്തിന് ലഭ്യമാക്കാൻ കേന്ദ്രസർക്കാർ തയ്യാറാകണമെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശൻ ആവശ്യപ്പെട്ടു.

വയനാട്ടിലേത് സാധാരണ പുനരധിവാസം പോലെ ആകരുതെന്ന് അദ്ദേഹം പറഞ്ഞു. ഓരോ കുടുംബങ്ങളെയും പ്രത്യേകമായി പരിഗണിച്ചുള്ള പുനരധിവാസം നടപ്പാക്കണം. കുടുംബങ്ങൾക്ക് വാടക വീടുകൾ ഒരുക്കണം. പുതിയ വീടുകളിലേക്ക് മാറാനുള്ള സൗകര്യങ്ങൾ ചെയ്ത് കൊടുക്കണം. ദുരന്തത്തിൽ പെട്ടവർക്ക് തൊഴിൽ ഉറപ്പാക്കാൻ സർക്കാർ തയ്യാറാകണം. സ്വയം തൊഴിലുകൾ കണ്ടെത്താൻ സൗകര്യം ഒരുക്കണം. സമഗ്രമായ ഒരു ഫാമിലി പാക്കേജ് ആയി പുനരധിവാസം ആസൂത്രണം ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു.

ദേശീയ ദുരന്തമായി വയനാട് ദുരന്തത്തെ പ്രഖ്യാപിക്കുന്നതിൽ കേന്ദ്രമന്ത്രി വി മുരളീധരൻ പറഞ്ഞ കാര്യത്തിൽ ചില സത്യങ്ങളുണ്ട്. ദേശീയ ദുരന്തം എന്ന പ്രഖ്യാപനം ഇപ്പോഴില്ല. എന്നാൽ അങ്ങനെ പ്രഖ്യാപിച്ചില്ലെങ്കിലും ആ നിലയ്ക്കുള്ള സഹായം വേണമെന്നാണ് ആവശ്യം. ഇനി ഇങ്ങനെ ഒരു അപകടം ഉണ്ടാകാതിരിക്കാൻ വേണ്ട മുൻകരുതൽ എടുക്കണം. സങ്കേതിക വിദ്യയെ ഉപയോഗപ്പെടുത്തി മുന്നറിയിപ്പുകൾ നൽകാനുള്ള സംവിധാനം സംസ്ഥാനത്താകെ നടപ്പിലാക്കണം. കാലാവസ്ഥാ വ്യതിയാനത്തെ പരിഗണിച്ചുള്ള നയ രൂപീകരണം നടക്കണമെന്നും ഇതിന് പ്രതിപക്ഷത്തിന്റെ പൂർണ്ണ പിന്തുണ ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Tags:    

Similar News