വയനാട് മാനന്തവാടിയിൽ ഇറങ്ങിയ കാട്ടാനയെ മയക്കുവെടി വെക്കുമെന്ന് വയനാട് കളക്ടർ രേണുരാജ്; കടകൾ അടപ്പിക്കുന്നു
വയനാട് മാനന്തവാടിയിൽ ഇറങ്ങിയ കാട്ടാനയെ മയക്കുവെടി വെക്കുമെന്ന് വയനാട് കളക്ടർ രേണുരാജ്. മയക്കുവെടി വച്ച് പിടിക്കൂടിയ ശേഷം ആനയെ കർണാടകയിലേക്ക് കൊണ്ടുപോകുമെന്ന് കളക്ടർ അറിയിച്ചു. ആവശ്യമെങ്കിൽ കർണാടക വനം വകുപ്പിന്റെ സഹായം തേടും. മാനന്തവാടി ടൗണിൽ കടകൾ അടപ്പിക്കുന്നു. 6 മണിക്കൂറിലധികമായി കാട്ടാന ജനവാസ മേഖലയിൽ തുടരുന്നു.
ജനങ്ങൾ ജാഗ്രത പാലിക്കണമെന്നാണ് നിർദേശം. ടൗണിൽ കാട്ടാനയിറങ്ങിയതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അഭ്യർത്ഥിക്കുന്നുവെന്നും കളക്ടർ വ്യക്തമാക്കി. ആളുകൾ മാനന്തവാടി ടൗണിൽ വരുന്നത് പരമാവധി ഒഴിവാക്കണം. മാനന്തവാടി നഗരസഭ ഡിവിഷൻ 24, 25,26,27, ഇടവക പഞ്ചായത്ത് വാർഡ് 4,5,7 എന്നിവയിൽ ഇതുമായി ബന്ധപ്പെട്ട് CrPC 144 പ്രകാരം നിരോധന ആജ്ഞ പുറപ്പെടുവിച്ചിരിക്കുന്നു. ആനയെ പിന്തുടരുകയോ ഫോട്ടോ,വീഡിയോ എടുക്കുകയോ ചെയ്യരുത്. ആനയെ പിടികൂടുന്നതിനുള്ള നടപടികൾ അടിയന്തിരമായി സ്വീകരിച്ച് വരികയാണെന്നും കളക്ടർ വ്യക്തമാക്കി.