പൂരം അട്ടിമറിയിൽ സംഘപരിവാർ ഇടപെടലിന് തെളിവുണ്ട്; പുതിയ അന്വേഷണത്തെ സ്വാഗതം ചെയ്ത് വി എസ് സുനിൽകുമാർ
തൃശ്ശൂർ പൂരം അട്ടിമറിയുമായി ബന്ധപ്പെട്ട് നടന്ന അന്വേഷണത്തിൽ സംതൃപ്തനാണെന്ന് വി.എസ്. സുനിൽകുമാർ. പുതിയ അന്വേഷണത്തെ സ്വാഗതം ചെയ്യുന്നുവെന്നും അന്വേഷണം ഒച്ചിഴയും പോലെയല്ല കുതിരയുടെ വേഗത്തിൽ നടത്തണമെന്നാണ് തന്റെ അഭിപ്രായമെന്നും സുനിൽകുമാർ കൂട്ടിച്ചേർത്തു. മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
തൃശ്ശൂർ പൂരത്തിന്റെ എല്ലാ ഘട്ടങ്ങളിലും അടിമുടി ദുരൂഹത ഉണ്ടായിരുന്നു എന്നത് ആർക്കും സംശയമില്ലാത്ത കാര്യമാണ്. തൃശ്ശൂർ പൂരത്തിന്റെ നടത്തിപ്പിൽ സംഘപരിവാറിന്റെ രാഷ്ട്രീയ ഇടപെടൽ ഉണ്ടായിട്ടുണ്ട്. തനിക്ക് അറിയാവുന്ന കാര്യങ്ങൾ പുതിയ അന്വേഷണസംഘത്തിന് മുന്നിൽ പറയും. കൂടുതൽ കാര്യങ്ങൾ വ്യക്തമാക്കാൻ അവരെ സഹായിക്കാൻ കഴിയുമെങ്കിൽ അത് ചെയ്യും, സുനിൽകുമാർ പറഞ്ഞു.
അന്വേഷണം ഒച്ചിഴയും പോലെ ഇഴയാൻ പാടില്ല, കുതിരയുടെ വേഗത്തിൽ നടത്തി എത്രയും വേഗം റിപ്പോർട്ട് പുറത്തുവിടണം. വ്യക്തിപരമായി ഇപ്പോൾ നടന്ന അന്വേഷണത്തിൽ സംതൃപ്തനാണ്. റിപ്പോർട്ട് മുഴുവൻ വായിച്ച ശേഷമേ പ്രശ്നങ്ങളെപ്പറ്റി സംസാരിക്കാനാവൂ. സർക്കാരിൽ വിശ്വാസമുണ്ട്. പാർട്ടിയോടും സർക്കാരിനോടും യോജിച്ച് നിന്നുകൊണ്ട് മാത്രമേ വിയോജിപ്പുകൾ പറയാനാവൂ. പ്രതിപക്ഷത്തിനും അവരുടെ അഭിപ്രായങ്ങൾ പറയാനുള്ള സ്വാതന്ത്ര്യമുണ്ടെന്നും സുനിൽകുമാർ പറഞ്ഞു.