മത്സ്യത്തൊഴിലാളികൾ സമരം ശക്തമാക്കിയ വിഴിഞ്ഞത്ത് നിർമ്മാണ പ്രവർത്തനങ്ങൾ വീണ്ടും തുടങ്ങുമെന്ന് അദാനി ഗ്രൂപ്പ്. ഇക്കാര്യമറിയിച്ച് സംസ്ഥാന സർക്കാരിന് കത്ത് നൽകി. നിർമ്മാണ സാമഗ്രികളുമായി വാഹനങ്ങൾ വിഴിഞ്ഞത്തേക്ക് എത്തുമെന്നാണ് സർക്കാരിനെ അറിയിച്ചത്.
തുറമുഖ നിർമ്മാണം വീണ്ടും തുടങ്ങുമെന്ന് അറിയിപ്പ് ലഭിച്ചതോടെ സമരം നടത്തിയ മത്സ്യത്തൊഴിലാളികൾ പ്രദേശത്തേക്ക് പ്രതിഷേധവുമായെത്തി. വാഹനങ്ങൾ കടത്തിവിടില്ലെന്ന നിലപാടിലാണ് സമര സമിതി. വാഹനങ്ങൾക്ക് മുന്നിൽ കിടന്ന് കൊണ്ട് പ്രതിഷേധിച്ച സമരക്കാരെ പൊലീസ് അനുനയിപ്പിച്ച് നീക്കി. അതിനിടെ സ്ഥലത്തേക്ക് തുറമുഖ നിർമ്മാണത്തെ അനുകൂലിക്കുന്ന സംഘവുമെത്തിയതോടെ കൂടുതൽ സംഘർഷാവസ്ഥയുണ്ടായി. ചേരി തിരിഞ്ഞ് ഇരുവിഭാഗങ്ങളും ഏറ്റുമുട്ടിയതോടെ അനുനയിപ്പിക്കാൻ പൊലീസ് ബുദ്ധിമുട്ടി. അതിനിടെ പ്രതിഷേധക്കാരിൽ ചിലർ കല്ലേറും ആരംഭിച്ചു.