കുട്ടിക്കാലത്തെ ഓണം പലപ്പോഴും അച്ഛനൊപ്പം ലൊക്കേഷനിലായിരുന്നു: വിനീത ശ്രീനിവാസൻ
ശ്രീനിവാസനെപ്പോലെ തൊട്ടതെല്ലാം പൊന്നാക്കിയാണ് മകൻ വിനീത് ശ്രീനിവാസന്റെ ചലച്ചിത്രസഞ്ചാരം. ഗായകൻ, നടൻ, തിരക്കഥാകൃത്ത്, സംവിധായകൻ, നിർമാതാവ് എന്നീ മേഖലയിൽ തിളങ്ങുന്ന വിനീത് ചുരുങ്ങിയ കാലം കൊണ്ടു മലയാളികളുടെ മനസിലിടം നേടി. കുട്ടിക്കാലത്തെ ചില ഓണവിശേഷങ്ങൾ പങ്കുവയ്ക്കുകയാണ് വിനീത്.
തലശേരിയിലെ പൂക്കോട് എന്ന സ്ഥലത്തായിരുന്നു ഞങ്ങൾ കുട്ടിക്കാലത്തു താമസിച്ചിരുന്നത്. വീടിനടുത്തു സമപ്രായക്കാരായ ധാരാളം കുട്ടികളുണ്ടായിരുന്നു. അവരോടൊപ്പം പൂപറിക്കാൻ പോകും. അത്തം മുതൽ തിരുവോണം വരെ ആഘോഷങ്ങളാണ്. സന്തോഷമുള്ള കാര്യം ഓണ സമയത്ത് സ്കൂൾ അവധിയാണല്ലോ എന്നതാണ്. പഠിക്കാൻ പറഞ്ഞു വീട്ടിലാരും ബഹളമുണ്ടാക്കില്ല.
ഫുൾ ടൈം കളിയായിരിക്കും. വീടിന്നടുത്തുള്ള പറന്പുകളിൽ ക്രിക്കറ്റ് കളിക്കലാണു ഹോബി. ഞങ്ങളുടെ ബഹളവും ശല്യവും സഹിക്കാതെ വരുന്പോൾ ചില വീട്ടുകാർ പറന്പിൽ നിന്ന് ഓടിക്കും. അപ്പോൾ അടുത്ത സ്ഥലത്തേക്കു ചേക്കേറും. അങ്ങനെ നാലും അഞ്ചും പറന്പുകളിലായാണു കളി പൂർത്തിയാക്കുക. പിറ്റേന്നു രാവിലെ വീണ്ടും ഇറങ്ങും. സ്കൂൾ തുറക്കുന്പോൾ സങ്കടമാണ്. ഓണക്കോടിയും സദ്യയുമൊന്നുമല്ല പ്രധാനം, കൂട്ടുകാരൊത്ത് ക്രിക്കറ്റ് കളിക്കുക, അടിച്ചുപൊളിച്ചു നടക്കുക എന്നതായിരുന്നു അന്നത്തെ പണി.
ഓണം വെക്കേഷനിൽ അച്ഛനു വീട്ടിൽ വരാൻ കഴിയില്ലെങ്കിൽ ഞങ്ങളോട് ലൊക്കേഷനിലേക്കു ചെല്ലാൻ പറയും. ആഘോഷങ്ങൾ അവിടെയായിരിക്കും. ചന്പക്കുളം തച്ചൻ, ഗോളാന്തര വാർത്തകൾ, പട്ടണപ്രവേശം എന്നീ സിനിമകളുടെ ലൊക്കേഷനുകളിൽ ഞങ്ങൾ ഓണമാഘോഷിച്ചിട്ടുണ്ട്. പട്ടണപ്രവേശത്തിന്റെ ഷൂട്ടിംഗ് നടക്കുന്ന സമയം.
അച്ഛന് ഓണത്തിനു വീട്ടിൽ എത്താൻ പറ്റില്ലെന്നും അതുകൊണ്ടു ലൊക്കേഷനിലേക്കു വരണമെന്നും പറഞ്ഞു. ഞങ്ങൾ സന്തോഷത്തോടെ പോയി. അവിടെ എത്തിയപ്പോൾ ഷൂട്ട് തകൃതിയായി നടക്കുകയാണ്. ഞങ്ങൾ റൂമിലേക്കു പോയി. കുറച്ചു കഴിഞ്ഞപ്പോൾ ഗൗണിട്ട രണ്ടുപേർ കയറി വരുന്നു. ആദ്യം ആളുകളെ മനസിലായില്ല. തൊപ്പിയൊക്കെ എടുത്ത് മാറ്റിയപ്പോൾ മോഹൻലാൽ അങ്കിളും അച്ഛനുമായിരുന്നു- വിനീത് ശ്രീനിവാസൻ പറഞ്ഞു.