എഡിഎം നവീന്‍ ബാബുവിന്‍റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസില്‍ പി.പി ദിവ്യയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വെള്ളിയാഴ്ച (നവംബര്‍ 8) വിധി പറയും. തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാണ് ദിവ്യ ജാമ്യഹരജി സമർപ്പിച്ചത്. ജാമ്യം നല്‍കരുതെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു. കേസില്‍ വാദം പൂര്‍ത്തിയായി. യാത്രയയപ്പ് ചടങ്ങിലെ പരാമർശങ്ങൾ തെറ്റായിപ്പോയെന്ന് ദിവ്യയുടെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.
ജാമ്യാപേക്ഷയെ എതിർത്ത് നവീൻ ബാബുവിന്‍റെ കുടുംബവും കോടതിയിൽ കക്ഷി ചേർന്നിരുന്നു.എഡിഎമ്മിനെതിരായ ദിവ്യയുടെ പരാമര്‍ശങ്ങൾ ശരിവെക്കുന്നതാണ് കലക്ടർ പൊലീസിൽ നൽകിയ മൊഴിയെന്നായിരുന്നു പ്രതിഭാഗത്തിന്‍റെ വാദം. പുതിയ അന്വേഷണ സംഘം കുടുംബത്തിൻ്റെ മൊഴിയെടുത്തില്ലെന്നും കോടതിയെ അറിയിച്ചു.
പൊലീസ് അന്വേഷണം തൃപ്തികരമല്ലെങ്കിൽ സിബിഐ അന്വേഷണം ആവശ്യപ്പെടുമെന്നും പൊലീസിനെ വിമർശിച്ചിട്ടില്ലെന്നും കുടുംബത്തിൻ്റെ അഭിഭാഷകൻ കോടതിയെ അറിയിച്ചു.