വെഞ്ഞാറമൂട് അപകടം; ഡ്രൈവറുടെയും മെയിൽ നഴ്സിന്റെയും ലൈസൻസ് സസ്പെൻഡ് ചെയ്യും
തിരുവനന്തപുരം വെഞ്ഞാറമൂട് ആംബുലൻസ് ബൈക്കിൽ ഇടിച്ച് കയറി യുവാവ് മരിച്ച സംഭവത്തില്‍ ആംബുലൻസ് ഡ്രൈവറുടെയും വാഹനം ഓടിച്ച മെയിൽ നഴ്സിന്റെയും ലൈസൻസ് സസ്പെൻഡ് ചെയ്യും. അഡി. ട്രാൻസ്പോർട്ട് കമ്മീഷണർ പ്രമോജ് ശങ്കറും സംഘവും അപകട സ്ഥലം സന്ദർശിച്ചു.
ശനിയാഴ്ച പുലര്‍ച്ചെയാണ് അപകടം ഉണ്ടായത്. അമിതവേഗത്തിലെത്തിയ ആംബുലൻസ് ഇടിച്ച് ബൈക്ക് യാത്രക്കാരനായ വെഞ്ഞാറമൂട് പാലവിള വീട്ടിൽ ഷിബു (36) ആണ് മരിച്ചത്. ഷിബുവിന്റെ മകൾ പരുക്കേറ്റ് ചികിത്സയിലാണ്. കട്ടപ്പനയിൽനിന്ന് രോഗിയെ ഇറക്കിവന്നതായിരുന്നു ആംബുലൻസ്.
അപകടമുണ്ടായ സമയം ആംബുലൻസ് ഓടിച്ചിരുന്നത് മെയിൽ നഴ്സായ ചെറുവക്കൽ സ്വദേശിയായ അമലാണ്. ഉറക്കക്ഷീണം കാരണം ഡ്രൈവർ വിനീത് അമലിന് വണ്ടി കൈമാറുകായിരുന്നു. സംഭവത്തില്‍ അമലിനും വിനീതിനും എതിരെ വെഞ്ഞാറമൂട് പൊലീസ് അശ്രദ്ധ മൂലമുള്ള മരണത്തിന് കേസെടുത്തിട്ടുണ്ട്. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് എംപ്ലോയീസ് ക്രെഡിറ്റ് യൂണിയന് കീഴിലെ ആംബുലൻസാണ് അപകടമുണ്ടാക്കിയത്.