വെള്ളമുണ്ട മാവോയിസ്റ്റ് കേസ് ; ഒന്നാം പ്രതി രൂപേഷിന് പത്ത് വർഷം തടവ് , ശിക്ഷ വിധിച്ച് എൻഐഎ കോടതി
വെള്ളമുണ്ട മാവോയിസ്റ്റ് കേസിൽ ഒന്നാം പ്രതി രൂപേഷിന് പത്തുവർഷം തടവ്. നാലാം പ്രതി കന്യാകുമാരിക്ക് ആറുവർഷവും ഏഴാം പ്രതി അനൂപ് മാത്യുവിന് എട്ടുവർഷവും ശിക്ഷ വിധിച്ചു. കൊച്ചി എൻ.ഐ.എ കോടതിയുടേതാണ് വിധി.
യു.എ.പി.എ നിയമപ്രകാരം പ്രതികൾ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിരുന്നു. രൂപേഷിനെതിരെ ആയുധ നിയമവും എസ്.സി എസ്.ടി നിയമവും തെളിഞ്ഞിരുന്നില്ല. കന്യാകുമാരിക്ക് യു.എ.പി.എ 38 പ്രകാരം മാത്രമാണ് ശിക്ഷ. അനൂപിനെതിരെ ഗൂഡാലോചന കുറ്റം തെളിയിക്കാനും പ്രോസിക്യൂഷന് കഴിഞ്ഞില്ല. തങ്ങൾക്കെതിരായ കുറ്റം തെളിഞ്ഞത് നിർഭാഗ്യകരമാണെന്ന് രൂപേഷ് കോടതിയിൽ പറഞ്ഞിരുന്നു. 2014 ൽ സിവിൽ പൊലീസ് ഓഫീസറായ പ്രമോദിൻ്റെ വീട്ടിൽ അതിക്രമിച്ച് കയറി ഭീഷണിപ്പെടുത്തി വാഹനം കത്തിച്ചെന്നാണ് പ്രതികൾക്കെതിരായ കേസ്.