'അടിസ്ഥാനരഹിതം'; ഭർത്താവിനെതിരെയുള്ള ആരോപണത്തിൽ മാനനഷ്ട കേസ് നൽകുമെന്ന് വീണാ ജോർജ്

Update: 2024-06-13 03:30 GMT

റോഡ് അലൈൻമെന്റിൽ മാറ്റം വരുത്താൻ തന്റെ ഭർത്താവ് ജോർജ് ജോസഫ് ഇടപെട്ടു എന്നത് അടിസ്ഥാനരഹിതമായി കാര്യമാണെന്ന് മന്ത്രി വീണ ജോർജ്. കിഫ്‌ബി നിശ്ചയിച്ച അലൈൻമെൻ്റിൽ നിന്ന് ഒരു മാറ്റവും വരുത്തിയിട്ടില്ല. താൻ എംഎൽഎ ആകുന്നതിന് വർഷങ്ങൾക്ക് മുമ്പ് തന്നെ ഭർത്താവിന് കൊടു മണ്ണിലെ 22.5 സെൻ്റ് സ്ഥലം ഉണ്ടായിരുന്നു. 


കെട്ടിടം വച്ചത് ഒരുകോടി 89 ലക്ഷം രൂപ ബാങ്ക് ലോണെടുത്താണ്. ഇതിനു മുന്നിലൂടെയാണ് ഏഴംകുളം -കൈപ്പട്ടൂർ റോഡ് പോകുന്നത്. ഈ റോഡിന് കിഫ്ബിയിലൂടെ പണം അനുവദിച്ച് ബിഎം ആന്റ് ബിസി ടാറിങ്ങിനായുള്ള നിർമ്മാണ പ്രവർത്തിയും നടക്കുകയാണ്. 


2020 ലാണ് 12 മീറ്റർ വീതിയിൽ റോഡ് നിർമ്മാണത്തിന് കിഫ്ബി ധനാനുമതി നൽകിയത്. അതായത് മന്ത്രിയാകുന്നതിന് മുമ്പേതന്നെ. ഇനി ഈ പറയുന്ന ഭാഗത്ത് റോഡിൻ്റെ വീതി അളന്നു നോക്കിയാൽ 17 മീറ്ററാണ് എന്ന് കാണാൻ കഴിയും. ഈ റോഡിന് ഇത്രയും വീതി മറ്റൊരിടത്തുമില്ല. റോഡ് നിർമ്മാണം നടക്കുന്നത് കിഫ്ബി 2020 ൽ അനുവദിച്ച 12 മീറ്റർ വീതിയിൽ കെആർഎഫ്ബി നിശ്ചയിച്ച അലൈൻമെന്റിലാണ്. അതിൽ ഒരുതരത്തിലുള്ള മാറ്റവും ഈ ഭാഗത്ത് ഉണ്ടായിട്ടില്ല. ഇവിടെയാണ് കോൺഗ്രസുകാർ കൊടി കുത്തിയതെന്ന് മന്ത്രി പറഞ്ഞു. 


കിഫ്ബി നിശ്ചയിച്ച അലൈൻമെന്റിൽ ഒരു മാറ്റവും വരുത്തിയിട്ടില്ല എന്ന് ഉദ്യോഗസ്ഥർ രേഖകൾ സഹിതം കാണിച്ചിട്ടും അളന്നു കാണിച്ചിട്ടും ചില പ്രാദേശിക കോൺഗ്രസ് നേതാക്കൾ കേൾക്കാൻ തയ്യാറായില്ല എന്നാണ് അറിഞ്ഞത്. അലൈൻമെൻ്റിൽ ഒരു തരത്തിലും ഒരു മാറ്റവും ഉണ്ടായിട്ടില്ല. കൃത്യമായ രേഖകളോടെ (റവന്യൂ പിഡബ്ല്യുഡി) ഔദ്യോഗികമായി അളന്ന് തിട്ടപ്പെടുത്തിയിട്ടുള്ള വസ്തുവായതിനാലും ഒരടി പോലും പുറംപോക്ക് ഈ വസ്തു‌വിൽ ഇല്ല എന്നതിനാലും, അലൈൻമെൻ്റിൽ ഏതെങ്കിലും തരത്തിലുള്ള മാറ്റം ഈ ഭാഗത്ത് ഉണ്ടായിട്ടില്ല എന്നിരിക്കെ അലൈൻമെന്റ് മാറ്റി എന്ന് അപകീർത്തിപ്പെടുത്തി അപമാനിച്ചതിനാലും മാനനഷ്‌ട കേസ് നൽകാനാണ് തീരുമാനമെന്നും മന്ത്രി വ്യക്തമാക്കി. 


എന്നാൽ, സിപിഎം നേതാവായ പഞ്ചായത്ത് പ്രസിഡന്റിന്റെ ആരോപണത്തിൽ മന്ത്രി മൗനം തുടർന്നു ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി അലൈൻമെന്റിൽ മാറ്റം വരുത്തി എന്നാണ് കൊടുമൺ പഞ്ചായത് പ്രസിഡന്റ് കെ കെ ശ്രീധരൻ ആരോപിച്ചത്.

Tags:    

Similar News