സർക്കാർ കാണിക്കുന്ന ക്രൂരസമീപനത്തിന്റെ തെളിവാണ് രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ്: വി.ഡി സതീശൻ

Update: 2024-01-10 11:55 GMT

യുവാക്കളോട് സർക്കാർ കാണിക്കുന്ന ക്രൂരസമീപനത്തിന്റെ തെളിവാണ് രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശൻ. അക്രമത്തിന് ആഹ്വാനം ചെയ്‌തെന്നാണ് രാഹുലിനെതിരായ കേസ്. അങ്ങനെയെങ്കിൽ ആദ്യം അറസ്റ്റ് ചെയ്യേണ്ടത് മുഖ്യമന്ത്രിയെയാണ്.

എഫ്.ഐ.ആറിൽ വധശ്രമം എന്ന് പറഞ്ഞ വിഷയത്തെ മുഖ്യമന്ത്രി രക്ഷാപ്രവർത്തനം എന്നാണ് വിശേഷിപ്പിച്ചത്. ചെടിച്ചട്ടികൊണ്ട് തലയ്ക്കടിക്കൽ തുടങ്ങണമെന്ന് കലാപാഹ്വാനം നടത്തിയത് മുഖ്യമന്ത്രിയാണെന്നും സതീശൻ പറഞ്ഞു. രാഹുൽ മാങ്കൂട്ടത്തിലിനെ ജയിലിൽ സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മുഖ്യമന്ത്രിയെ മാധ്യമങ്ങളിലൂടെ വിമർശിക്കുന്നതാണ് അദ്ദേഹത്തോടുള്ള വിരോധത്തിന് കാരണം. കന്റോൺമെന്റ് എസ്.എച്ച്.ഒ വളരെ മോശവും ക്രൂരവുമായാണ് രാഹുലിനോട് പെരുമാറിയത്. അത് തങ്ങൾക്കറിയാമെന്ന് മാത്രമാണ് പറയാനുള്ളത്.

എം.വി ഗോവിന്ദൻ പറയുന്നത് രാഹുൽ വ്യാജ മെഡിക്കൽ സർട്ടിഫിക്കറ്റ് ഹാജരാക്കിയെന്നാണ്. അദ്ദേഹം സ്ഥിരമായി വിവരക്കേട് പറയുന്ന ആളാണ്. തിരുവനന്തപുരം നഗരത്തിലെ പ്രധാനപ്പെട്ട ആശുപത്രിയിലെ ഡിസ്ചാർജ് സമ്മറി എങ്ങനെയാണ് വ്യാജരേഖയാകുന്നതെന്നും പ്രതിപക്ഷനേതാവ് ചോദിച്ചു.

Tags:    

Similar News