'സുധാകരനെ കൊല്ലാൻ ആളെ വിടും; അതാണ് കേരള സിപിഎം': വി.ഡി സതീശൻ

Update: 2023-07-03 10:08 GMT

ബിജെപിയുടെ ബി ടീമാണ് കേരളത്തിലെ സിപിഎമ്മെന്നു പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. എസ്എൻസി ലാവ്‌ലിൻ ഉൾപ്പെടെ മുഖ്യമന്ത്രി പിണറായി വിജയനെതിരെ കേന്ദ്ര ഏജൻസികൾ അന്വേഷിക്കുന്ന കേസുകൾ ഉള്ളതുകൊണ്ട് ബിജെപിയുമായി ‌ധാരണയോടെയാണ് സിപിഎം മുന്നോട്ടുപോകുന്നത്. കെപിസിസി പ്രസിഡന്റിനെതിരെ കേസെടുത്ത പിണറായി വിജയൻ, കുഴൽപ്പണ കേസിൽ പ്രതിയാകേണ്ടിയിരുന്ന കെ.സുരേന്ദ്രനെ ഒഴിവാക്കി. സുരേന്ദ്രനെ കാസർകോട്ടുള്ള തിരഞ്ഞെടുപ്പ് കേസിലും അറസ്റ്റ് ചെയ്തില്ല. സുധാകരനെ അറസ്റ്റ് ചെയ്യാൻ നോക്കി, സുരേന്ദ്രനെ രക്ഷപ്പെടുത്താനും നോക്കി. സുരേന്ദ്രനെ നെഞ്ചോടു ചേർത്തുനിർത്തുക, സുധാകരനെ കൊല്ലാൻ ആളെ വിടുക. അതാണ് കേരളത്തിലെ സിപിഎം – സതീശൻ പരിഹസിച്ചു.

ഏക സിവിൽ കോഡിന്റെ (യുസിസി) കാര്യത്തിൽ വർഗീയത ഇളക്കിവിട്ട് നേട്ടമുണ്ടാക്കാനുള്ള ബിജെപിയുടെ അതേ പാതയാണ് കേരളത്തിൽ സിപിഎം പിന്തുടരുന്നത്. ഏക സിവിൽ കോഡ് നടപ്പാക്കേണ്ടതില്ലെന്നു 2018ൽ നരേന്ദ്ര മോദി സർക്കാർ നിയോഗിച്ച ലോ കമ്മിഷൻ വ്യക്തമാക്കിയിട്ടുണ്ട്. അതേ നിലപാട് തന്നെയാണ് കോൺഗ്രസിനും. കരട് ബിൽ പോലും ഇതുവരെ പുറത്തു വന്നിട്ടില്ല. ഇതിനെ ഒരു ഹിന്ദു–മുസ്‍ലിം വിഷയമാക്കി മാറ്റാനാണ് ബിജെപി ശ്രമിക്കുന്നത്. യുസിസി നടപ്പാക്കുന്നത് മുസ്‌ലിം മതവിശ്വാസികളെ മാത്രമല്ല ബാധിക്കുക. രാജ്യത്തെ വിവിധ ജാതി–മത വിഭാഗങ്ങളെ ബാധിക്കും.

യുസിസിക്കെതിരെ പ്രക്ഷോഭം നടത്തുമെന്നാണ് സിപിഎം പറയുന്നത്. ഒട്ടും ആത്മാർത്ഥതയില്ലാതെയാണ് ഈ സമരപ്രഖ്യാപനം. സിഐഎ പ്രക്ഷോഭകാലത്ത് എടുത്ത കേസുകളിൽ ഒന്നുപോലും സിപിഎം പിൻവലിച്ചിട്ടില്ല. ഇക്കാര്യത്തിൽ നിയമസഭയിൽ നൽകിയ ഉറപ്പും ലംഘിക്കപ്പെട്ടു. സിഐഎ പ്രക്ഷോഭത്തിൽ പങ്കെടുത്തവർക്കെതിരെ എടുത്ത കേസുകൾ പിൻവലിച്ചിട്ടു വേണം സിപിഎം പ്രക്ഷോഭത്തിനിറങ്ങാൻ. അതു ചെയ്യാത്തത് മറു വിഭാഗത്തെക്കൂടി തൃപ്തിപ്പെടുത്താനാണ്. ഒട്ടും ആത്മാർഥതയില്ലാതെയാണ് സിപിഎം നിലപാടുകൾ സ്വീകരിക്കുന്നത്.

അഴിമതി ആരോപണത്തിന്റെ ശരശയ്യയിൽ കിടക്കുമ്പോൾ അതിൽനിന്നു ശ്രദ്ധ തിരിക്കാനാണ് സിപിഎം ശ്രമം. പ്രതിപക്ഷ നേതാക്കൾക്കെതിരെ കേസെടുക്കാൻ മാത്രമാണ് പൊലീസ്. തെളിവുകളുടെ അടിസ്ഥാനത്തിൽ സിപിഎം സഹയാത്രികർ തന്നെ വെളിപ്പെടുത്തലുകൾ നടത്തിയിട്ടും കേസില്ല. ഏഴു തവണ പൊലീസ് ചോദ്യം ചെയ്തിട്ടും കെപിസിസി പ്രസിഡന്റിനെതിരെ മൊഴികൊടുക്കാത്ത മോൻസൻ മാവുങ്കലിന്റെ ഡ്രൈവറെ ഭീഷണിപ്പെടുത്തിയാണ് സുധാകരനെതിരെ കള്ളക്കേസ് എടുത്തത്. ദേശാഭിമാനി അസോഷ്യേറ്റ് എഡിറ്ററായിരുന്ന ജി.ശക്തിധരന് വിശ്വാസ്യതയില്ലെന്നാണ് എം.വി.ഗോവിന്ദൻ പറയുന്നത്.

കെ.സുധാകരൻ 17–18 വർഷം മുൻപ് പിരിച്ചുവിട്ട ഡ്രൈവറുടെ മൊഴിയിൽ കേസെടുക്കാം. താൻ കൂടി ചേർന്ന് എണ്ണിത്തിട്ടപ്പെടുത്തിയ 2.35 കോടി രൂപ കൈതോലപ്പായയിൽ പൊതിഞ്ഞ്, ടൈംസ് സ്ക്വയർ വരെ സ്വാധീനമുള്ള നേതാവ് കാറിൽ കയറ്റി കൊണ്ടുപോയെന്നു വെളിപ്പെടുത്തുമ്പോൾ കേസില്ല. കെ.സുധാകരനെ വധിക്കാൻ കൊലയാളി സംഘത്തെ അയച്ചുവെന്ന ആരോപണത്തിലും കേസെടുത്തില്ല– സതീശൻ ചൂണ്ടിക്കാട്ടി.

Tags:    

Similar News