കൊള്ളമുതൽ വീതംവെച്ചവരെ സിപിഎം സംരക്ഷിക്കുന്നു, അനിൽ അക്കരയുടെ ആരോപണം ഗുരുതരം; വി.ഡി സതീശൻ

Update: 2023-10-04 08:07 GMT

കൊള്ളമുതൽ വീതംവെച്ചവരെ സിപിഎം സംരക്ഷിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. കബളിപ്പിക്കപ്പെട്ട നിക്ഷേപർക്കെല്ലാം പണം മടക്കി നൽകണമെന്നും കരുവന്നൂരും കൊടകര കുഴൽപ്പണക്കേസും തമ്മിൽ ബന്ധമുണ്ടെന്ന ആരോപണം അന്വേഷിക്കണമെന്നും വി ഡി സതീശൻ പറഞ്ഞു. സി.പി.എം നേതാക്കൾ കൊള്ളയടിച്ച കരുവന്നൂർ സഹകരണ ബാങ്കിലെ നിക്ഷേപകരിൽ ഒരാൾക്കും ഒരു രൂപ പോലും നഷ്ടമാകില്ലെന്ന് മുഖ്യമന്ത്രിയും സഹകരണ മന്ത്രിയും ആവർത്തിക്കുന്നത് കബളിപ്പിക്കലാണ്.

അമ്പതിനായിരത്തിൽ താഴെ നിക്ഷേപമുള്ളവർക്ക് അത് മടക്കി നൽകുമെന്നും ഒരു ലക്ഷത്തിന് വരെ നിക്ഷേപമുള്ളവർക്ക് അമ്പതിനായിരം രൂപ തൽക്കാലം നൽകുമെന്നുമാണ് സഹകരണമന്ത്രി ഇന്നലെ പറഞ്ഞത്. അതേസമയം സ്ഥലം വിറ്റും മക്കളുടെ വിദ്യാഭ്യാസത്തിനും വിവാഹത്തിനും കരുതിവച്ചതും വിരമിച്ചപ്പോൾ കിട്ടിയതുമായ ലക്ഷങ്ങൾ നിക്ഷേപിച്ച് സർവതും നഷ്ടമായവരുടെ പണം എങ്ങനെ മടക്കി നൽകുമെന്ന് സഹകരണ മന്ത്രിയോ സർക്കാരോ വ്യക്തമാക്കിയിട്ടില്ല. എന്നിട്ടും ഒരു രൂപ പോലും നഷ്ടമാകില്ലെന്ന് ആവർത്തിക്കുന്നത് പൊതുസമൂഹത്തോടുള്ള പരിഹാസമാണെന്നും സതീശൻ പറഞ്ഞു.

Tags:    

Similar News