കെ സുധാകരന് പൂര്‍ണ പിന്തുണയുമായി പ്രതിപക്ഷ നേതാവ് വിഡി സതീശന്. കെപിസിസി പ്രസിഡന്റിനെതിരെ വ്യാജ കേസ് ഉണ്ടാക്കി അറസ്റ്റ് ചെയ്യുന്നുവെന്ന് വി ഡി സതീശൻ പറഞ്ഞു. അഴിമതിയിൽ മുങ്ങി ചെളിയിൽ പുരണ്ടു നിൽക്കുകയാണ് പിണറായി സര്‍ക്കാരെന്നും അത് ഞങ്ങളുടെ മേല്‍ തെറിപ്പിക്കാന്‍ നോക്കേണ്ടയെന്നും അദ്ദേഹം വ്യക്തമാക്കി. നേരത്തെ മോൺസന്റെ ഡ്രൈവരെ ചോദ്യം ചെയ്തിരുന്നു. അന്ന് ഇല്ലാത്ത മൊഴിയാണ് പുതിയ ഉദോഗസ്ഥനെ നിയമിച്ചപ്പോൾ കിട്ടിയതെന്നും വിഡി സതീശൻ ആരോപിച്ചു. പരാതിക്കാർ തെറ്റായ പശ്ചാത്തലം ഉള്ളവരാണ്. പരാതിക്കാരെ ഭീഷണിപ്പെടുത്തി തെറ്റായ മൊഴിയിൽ സുധാകരനെതിരെ കേസ് എടുത്തു എന്നു പറഞ്ഞ പ്രതിപക്ഷ നേതാവ് ആര് മൊഴി നൽകിയാലും കേസ് എടുക്കുമോയെന്നും ചോദിച്ചു.
കെപിസിസി അധ്യക്ഷസ്ഥാനത്ത് നിന്നും സുധാകരൻ മാറി നിൽക്കില്ല. ഇനി സുധാകരൻ തയ്യാറായാലും പാർട്ടി അനുവദിക്കില്ലെന്നും സതീശൻ പറഞ്ഞു. ഇത് സംബന്ധിച്ച് ചർച്ച പാർട്ടിയിൽ നടന്നിട്ടില്ലെന്നും നടക്കുന്നില്ലെന്നും സുധാകരനെ ചതിച്ച് ജയിലിൽ അടയ്ക്കാൻ ശ്രമിക്കുമ്പോൾ ഒരു കോൺഗ്രസുകാരനും പിന്നിൽ നിന്നും കുത്തില്ലെന്നും അദ്ദേഹം തുറന്നടിച്ചു. ചങ്കു കൊടുത്തും കെപിസിസി പ്രസിഡന്റിനെ സംരക്ഷിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.