രാഹുൽ ഗാന്ധിയെ രാവണനെന്ന് വിളിക്കുന്നവർ മോദിയേയും അമിത് ഷായേയും എന്തുവിളിക്കും?; വി.ഡി സതീശൻ

Update: 2023-10-06 09:13 GMT

കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ രാവണനായി ചിത്രീകരിച്ച ബിജെപിക്കെതിരേ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. അസത്യം, അഹങ്കാരം, ധാർഷ്ട്യം, വെറുപ്പ്, വിഭജനം എന്നിവ പ്രസരിപ്പിക്കുന്ന സംഘപരിവാർ രാഷ്ട്രീയത്തിന് രാഹുൽ വില്ലനാകുന്നത് സ്വാഭാവികമാണെന്ന് സതീശൻ കുറ്റപ്പെടുത്തി. രാമനെ കാണുമ്പോൾ രാവണനെന്ന് വിളിക്കുന്ന അസുര ഭരണകാലമാണിതെന്നും അദ്ദേഹം ഫെയ്സ്ബുക്ക് കുറിപ്പിൽ പറഞ്ഞു.

രാഹുലിനെ രാവണനെന്ന് വിളിക്കുന്നവർ പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായേയും എന്ത് വിളിക്കുമെന്നും സതീശൻ ചോദിച്ചു. സത്യം, ധർമ്മം, നീതി, കരുണ എന്നിവ ആരിൽ സമ്മേളിക്കുന്നുവോ അയാളാണ് യഥാർഥ നായകൻ. ജനാധിപത്യത്തെ തിരികെ പിടിക്കാൻ ശ്രമിക്കുന്ന 'ഇന്ത്യ'യുടെ നായകനാണ് രാഹുൽ. ഇരുട്ട് എത്ര കനത്താലും അതിനെ കീറി മുറിച്ച് വെളിച്ചം പുറത്തുവരുമെന്നും സതീശൻ പറഞ്ഞു.

കുറിപ്പിന്റെ പൂർണരൂപം

സത്യം, ധർമ്മം, നീതി, കരുണ എന്നിവ ആരിൽ സമ്മേളിക്കുന്നുവോ അയാളാണ് യഥാർഥ നായകൻ. അസത്യം, അഹങ്കാരം, ധാർഷ്ട്യം, വെറുപ്പ്, വിഭജനം എന്നിവ പ്രസരിപ്പിക്കുന്ന സംഘപരിവാർ രാഷ്ട്രീയത്തിന് രാഹുൽ ഗാന്ധി വില്ലനാകുന്നത് സ്വാഭാവികം. രാമനെ കാണുമ്പോൾ രാവണനെന്ന് വിളിക്കുന്ന അസുര ഭരണ കാലമാണിത്.

ഇന്ത്യയെന്ന ആശയത്തെ കുഴിച്ചുമൂടാൻ ബി.ജെ.പി ശ്രമിക്കുമ്പോൾ അതിനെ വീണ്ടെടുക്കാനാണ് കോൺഗ്രസിന്റെ ശ്രമം. ജനാധിപത്യത്തെ തിരികെ പിടിക്കാൻ ശ്രമിക്കുന്ന 'ഇന്ത്യ'യുടെ നായകനാണ് രാഹുൽ. ഇരുട്ട് എത്ര കനത്താലും അതിനെ കീറി മുറിച്ച് വെളിച്ചം പുറത്തുവരും. രാഹുൽ ഗാന്ധിയെ രാവണനെന്ന് വിളിക്കുന്നവർ മോദിയേയും അമിത് ഷായേയും എന്ത് വിളിക്കും

ചരിത്രത്തിന്റെ എല്ലാ വഴികളിലും ധർമ്മയുദ്ധങ്ങൾ മാത്രമേ ജയിച്ചിട്ടുളളൂവെന്ന് ഓർക്കുക.

Tags:    

Similar News