ഹേമ കമ്മിറ്റി റിപ്പോർട്ടിൽ അടിയന്തര പ്രമേയത്തിന് അനുമതിയില്ല; സ്ത്രീകളെ ബാധിക്കുന്ന വിഷയം പിന്നെ എവിടെ ചർച്ച ചെയ്യുമെന്ന് പ്രതിപക്ഷ നേതാവ്‌

Update: 2024-10-11 06:38 GMT

ഹേമ കമ്മിറ്റി റിപ്പോർട്ടിൽ നിയമസഭയിൽ അടിയന്ത്ര പ്രമേയത്തിന് അനുമതി നിഷേധിച്ചതിൽ വിമർശനവുമായി പ്രതിപക്ഷം. സ്ത്രീവിരുദ്ധ സർക്കാർ ആണ് ഇപ്പോൾ ഭരിക്കുന്നതെന്നും ഈ വിഷയം ചർച്ച ചെയ്യാത്തത് കേരള നിയമസഭയ്ക്ക് അപമാനമാണെന്നും പ്രതിപക്ഷനേതാവ് വി.ഡി സതീശൻ കുറ്റപ്പെടുത്തി. സ്ത്രീകളെ ബാധിക്കുന്ന വിഷയം ചർച്ച ചെയ്യില്ല എന്ന് പറയുന്നത് സർക്കാരിന് തന്നെ നാണക്കേടാണെന്നും അടിയന്തര പ്രമേയത്തിനുള്ള അനുമതി നിഷേധിച്ചത് ഞെട്ടൽ ഉളവാക്കുന്ന കാര്യമാണെന്നും സതീശൻ പറഞ്ഞു.

കേരള നിയമസഭ കൗരവ സഭയായി മാറുകയാണ്. ലൈംഗിക കുറ്റകൃത്യങ്ങളെ മന്ത്രിയും ഉദ്യോഗസ്ഥരും ഒളിച്ചുവെക്കുകയാണ്. ഹേമ കമ്മിറ്റി റിപ്പോട്ടിന്മേൽ ചോദ്യത്തിനും മറുപടി പറയില്ല. അടിയന്തര പ്രമേയത്തിനും അനുമതി നൽകില്ല. സ്ത്രീകളെ ഇതുപോലെ ബാധിക്കുന്ന ഒരു വിഷയം സഭയിൽ അല്ലെങ്കിൽ പിന്നെ എവിടെയാണ് ചർച്ച ചെയ്യുകയെന്ന് സതീശൻ ചോദിച്ചു.  ലൈംഗിക കുറ്റകൃത്യം ഒളിച്ചു വെക്കുന്ന ഉദ്യോഗസ്ഥരും മന്ത്രിമാരുമുളള ഈ സർക്കാറിനെ സ്ത്രീകൾ എങ്ങനെ വിശ്വസിക്കും?അതുകൊണ്ടാണ് മൊഴി കൊടുക്കാൻ ആരും വരാത്തത്. ഇരകൾക്ക് സർക്കാർ പിന്തുണ നൽകിയിരുന്നെങ്കിൽ മൊഴി കൊടുക്കാൻ ആള് വന്നേനെ. വാളയാർ, വണ്ടിപ്പെരിയാർ കേസുകളുടെ അനുഭവം മുന്നിലുണ്ട്. ഇന്ന് സഭ ഹേമ കമ്മിറ്റി റിപ്പോർട്ടിന്മേൽ ചർച്ച നടന്നില്ലെന്നത് കേരള നിയമസഭയ്ക്ക് തന്നെ അപമാനമാണെന്നും സതീശൻ കുറ്റപ്പെടുത്തി.

നാണക്കേടിന്റെ പേരാണ് എൽഡിഎഫ് സർക്കാരെന്ന് കെ.കെ രമ എംഎൽഎ പറഞ്ഞു. നാലേമുക്കാൽ വർഷം ഹേമകമ്മിറ്റി റിപ്പോർട്ട് ഫ്രീസറിൽ വെച്ചു. റിപ്പോർട്ട് പുറത്തുവരാതിരിക്കാൻ പലരും ശ്രമിച്ചു. ഇരകളുടെ പേര് പറഞ്ഞ് വേട്ടക്കാർക്ക് തണലൊരുക്കുകയാണ് സർക്കാരെന്നും രമ പറഞ്ഞു.

ഹേമ കമ്മിറ്റി റിപ്പോർട്ട് നിയമസഭയിൽ അടിയന്തര പ്രമേയമായി പ്രതിപക്ഷം കൊണ്ടുവന്നിരുന്നെങ്കിലും സ്പീക്കർ ഇതിന് അനുമതി നിഷേധിക്കുകയായിരുന്നു. കോടതിയുടെ പരിഗണനയിലിരിക്കുന്ന വിഷയമായതിനാൽ അടിയന്തര പ്രമേയത്തിന് അനുമതി നൽകാനാവില്ലെന്നായിരുന്നു സ്പീക്കറിന്റെ നിരീക്ഷണം. റിപ്പോർട്ടിന്മേൽ അന്വേഷണം നടത്തുന്നില്ലെന്നും സർക്കാർ കുറ്റക്കാരെ സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിച്ചതെന്നുമായിരുന്നു പ്രതിപക്ഷ ആരോപണം. കെ.കെ രമ എംഎൽഎയാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയത്. പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി.

Tags:    

Similar News