തൃശൂർ പൂരം കലക്കിയത് സിപിഎം ആർഎസ്എസ് ബന്ധം, ബി.ജെ.പി. സ്ഥാനാർത്ഥിക്ക് ജയിക്കാനുള്ള അന്തരീക്ഷം ഉണ്ടാക്കിക്കൊടുത്തു; വി.ഡി സതീശൻ

Update: 2024-09-18 07:54 GMT

ആർ.എസ്.എസ് ജനറൽ സെക്രട്ടറിയെ എ.ഡി.ജി.പി സന്ദർശിച്ചതുമായി ബന്ധപ്പെട്ട അന്വേഷണത്തിന് ഉത്തരവിടാൻ മുഖ്യമന്ത്രിക്ക് സാധിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. കാരണം മുഖ്യമന്ത്രിയുടെ ദൂതനായാണ് എ.ഡി.ജി.പി ആർ.എസ്.എസ് നേതാവിനെ കണ്ടത്. വ്യക്തിപരമായി കണ്ടെന്നാണ് മന്ത്രിമാർ ഉൾപ്പെടെയുള്ളവർ പറഞ്ഞത്. വ്യക്തിപരമായി കാണാൻ അവർ തമ്മിൽ അതിർത്തി തർക്കമുണ്ടോയെന്നും സതീശൻ പരിഹസിച്ചു. തിരുവനന്തപുരത്ത് മാധ്യമപ്രവർത്തകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

പത്തു ദിവസത്തെ ഇടവേളയിൽ എ.ഡി.ജി.പി ആർ.എസ്.എസ് നേതാവ് റാം മാധവിനെയും കണ്ടു. ആർ.എസ്.എസ് നേതാക്കളുമായി ചർച്ച നടത്താൻ മുഖ്യമന്ത്രി എന്തിനാണ് ഉദ്യോഗസ്ഥരെ നിയോഗിക്കുന്നത്? അത്തരത്തിൽ അയച്ച ആളുകളെ സംരക്ഷിക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്. പ്രകാശ് ജാവദേക്കറെ കണ്ടതിനാണ് ഇ.പി ജയരാജനെതിരെ നടപടിയെടുത്തത്. ഞാനും ജാവദേക്കറെ അഞ്ചാറ് തവണ കണ്ടിട്ടുണ്ടെന്നാണ് മുഖ്യമന്ത്രി തിരഞ്ഞെടുപ്പ് കാലത്ത് പറഞ്ഞത്. കേന്ദ്ര മന്ത്രി അല്ലാത്ത ബി.ജെ.പിയുടെ സംഘടനാ ചുമതലയുള്ള പ്രകാശ് ജാവദേക്കറെ കേരളത്തിന്റെ മുഖ്യമന്ത്രി എന്തിനാണ് കണ്ടത്? എന്നിട്ടാണ് ഇ.പി ജയരാജനെതിരെ മാത്രം നടപടി എടുത്തത്. ഇത് ഇരട്ടാത്താപ്പാണ്. ബി.ജെ.പി സി.പി.എം അവിശുദ്ധ ബാന്ധവത്തിന്റെ ഭാഗമായാണ് തൃശൂർ പൂരം കലക്കി ബി.ജെ.പി സ്ഥാനാർത്ഥിക്ക് ജയിക്കാനുള്ള അന്തരീക്ഷം ഉണ്ടാക്കിക്കൊടുത്തതെന്ന് വി.ഡി സതീശൻ ആരോപിച്ചു.

ഹേമ കമ്മിറ്റി ശുപാർശകളുടെ അടിസ്ഥാനത്തിൽ അന്വേഷണത്തിന് വനിത ഉദ്യോഗസ്ഥരെ നിയമിക്കണമെന്നാണ് പ്രതിപക്ഷം ആവശ്യപ്പെട്ടത്. എന്നാൽ വനിതകളെ കൂടാതെ പുരുഷ ഉദ്യോഗസ്ഥരെയും ഉൾപ്പെടുത്തിയുള്ള സംഘത്തെയാണ് സർക്കാർ നിയോഗിച്ചത്. ഹേമ കമ്മിറ്റി റിപ്പോർട്ടിലെ കണ്ടെത്തലുകളെ കുറിച്ചല്ല, അതിന് ശേഷമുള്ള വെളിപ്പെടുത്തലുകളെ കുറിച്ചാണ് ഈ സംഘം അന്വേഷിക്കുന്നത്. ഹേമ കമ്മിറ്റി റിപ്പോർട്ടിലെ കണ്ടെത്തലുകളെ കുറിച്ച് അന്വേഷിക്കണമെന്നാണ് ഹൈക്കോടതിയും നിർദ്ദേശിച്ചിരിക്കുന്നത്. ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിൽ അന്വേഷണം നടത്തി ഇരകളുടെ സ്വകാര്യത വെളിപ്പെടുത്താതെ തെറ്റുകാരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണം. സത്യസന്ധമായ നിലപാട് സ്വീകരിക്കാൻ സർക്കാർ തയാറാകാത്തത് നിർഭാഗ്യകരമാണ്. സർക്കാർ ഇരകൾക്കൊപ്പമല്ല, വേട്ടക്കാർക്കൊപ്പമാണ്. വേട്ടക്കാരെ എങ്ങനെ സംരക്ഷിക്കാം എന്നതിലാണ് സർക്കാർ ഗവേഷണം നടത്തുന്നത്. സ്ത്രീ വിരുദ്ധ സർക്കാരാണ് ഇതെന്ന് ഓരോ ദിവസവും തെളിയിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഏഴര വർഷമായിട്ടും നടി ആക്രമിക്കപ്പെട്ട കേസിലെ വിചാരണ അനിശ്ചിതമായി നീണ്ടു പോകുകയാണെന്നാണ് സുപ്രീം കോടതി പറഞ്ഞത്. അതുകൊണ്ടാണ് പ്രതിക്ക് ജാമ്യം കിട്ടാൻ ഇടയാക്കിയത്. ഒരു കേസിൽ വിചാരണ ഏഴരക്കൊല്ലം നീണ്ടു പോയി എന്നത് ജുഡീഷ്യറിയോടുള്ള ജനങ്ങളുടെ വിശ്വാസത്തെ പോലും ബാധിക്കും. നീതി വൈകുന്നത് നീതി നിഷേധത്തിന് തുല്യമാണ്. കേസുകളിലെ വിചാരണ നീണ്ടു പോകുന്നത് സംബന്ധിച്ച് വിലയിരുത്തൽ നടത്തണമെന്നാണ് ഹൈക്കോടതിയോട് അഭ്യർത്ഥിക്കാനുള്ളതെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു.

Tags:    

Similar News