പാർലമെന്റ് തിരഞ്ഞെടുപ്പിൽ 20 സീറ്റും യുഡിഎഫ് നേടും; തോറ്റാൽ ഉത്തരവാദിത്തം ഏറ്റെടുക്കും; വിഡി സതീശൻ
പാർലമെന്റ് തിരഞ്ഞെടുപ്പിൽ 20 സീറ്റും യുഡിഎഫ് നേടുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. വിജയിച്ചാൽ അതിന്റെ ക്രെഡിറ്റ് എല്ലാവർക്കുമായിരിക്കും. തോറ്റാൽ മുഴുവൻ ഉത്തരവാദിത്വവും ഞാനേറ്റെടുക്കുമെന്നും വിഡി സതീശൻ പ്രഖ്യാപിച്ചു. കോൺഗ്രസിന് ഇപ്പോൾ ഒരുപാട് മാറ്റമുണ്ടായിട്ടുണ്ടെന്നും സതീശൻ അഭിപ്രായപ്പെട്ടു. പണ്ട് ഗ്രൂപ്പ് യോഗം ചേർന്നില്ലെങ്കിൽ ചില നേതാക്കൾക്ക് ഉറക്കം വരില്ലായിരുന്നു. ഇന്ന് ആ രീതി ഏറെ മാറി. നേതൃത്വത്തിനെതിരെ മറ്റുള്ള നേതാക്കളിൽ നിന്നും പരാതി ഉണ്ടാകുന്നത് സ്വാഭാവികമാണെന്നും സതീശൻ തിരുവനന്തപുരത്ത് മീറ്റ് ദി പ്രസിൽ പറഞ്ഞു.
കേരള പൊലീസിനെ കൈകാലുകൾ വരിഞ്ഞുകെട്ടി ലോക്കപ്പിൽ കിടത്തിയിരിക്കുകയാണെന്നും സതീശൻ കുറ്റപ്പെടുത്തി. മുഖ്യമന്ത്രിയുടെ ഓഫിസിനെ ഒരു സംഘം ഹൈജാക് ചെയ്തിരിക്കുകയാണ്. സിപിഎമ്മിന്റെ അഴിമതി പണം പാർക്ക് ചെയ്യുന്ന സ്ഥലമായി ഊരാളുങ്കൽ സൊസൈറ്റി മാറിയെന്നും സതീശൻ കുറ്റപ്പെടുത്തി. എല്ലാ പണവും പോകുന്നത് അഴിമതിപ്പെട്ടി ഇരിക്കുന്ന സ്ഥലത്തേക്കാണ്. എല്ലാ പ്രവർത്തികളും ഇനി ഊരാളുങ്കൽ സൊസൈറ്റിക്കാണ്. ഡിവൈഎഫ്‌ഐയും എസ് എഫ് ഐയും മാഫിയ സംഘമായി മാറിയിരിക്കുകയാണെന്നും സതീശൻ വിമർശിച്ചു.