ഗവ‍ർണറുടെ അന്ത്യശാസനം തള്ളി വിസിമാർ

Update: 2022-10-24 02:16 GMT

ഗവ‍ർണറുടെ അന്ത്യശാസനം തള്ളി എംജി സ‍ർവകലാശാല വൈസ് ചാൻസല‍ർ ഡോ.സാബു തോമസ്. ഇന്ന് രാജി ഇല്ലെന്ന് ​സാബു തോമസ് പറഞ്ഞു. ​ഗവ‍ർണറുടെ നിർദ്ദേശത്തെ കുറിച്ച് പ്രതികരിക്കാനില്ലെന്നും എംജി സ‍ർവകലാശാല വൈസ് ചാൻസല‍ർ പറഞ്ഞു. 

ഗവർണറുടെ കത്തിനെ കുറിച്ച് പഠിച്ച ശേഷം തീരുമാനം എടുക്കും. മന്ത്രിയുമായി സംസാരിച്ചിട്ടില്ല. പ്രശ്നങ്ങൾ പരിഹരിക്കും. സർവകലാശാല ഏറ്റവും മികച്ച രീതിയിൽ പ്രവർത്തിക്കണം എന്നാണ് തന്റെ ആഗ്രഹം. ഇന്ന് അവധി ദിനമായതു കൊണ്ട് യൂണിവേഴ്സിറ്റിയിൽ പോകുന്ന കാര്യം തീരുമാനിച്ചിട്ടില്ല. നിലവിലെ പ്രതിസന്ധികൾ ഒന്നും സർവകലാശാലയിലെ അക്കാദമിക് പ്രവർത്തനങ്ങളെ ബാധിക്കില്ലെന്നും സാബു തോമസ് പറഞ്ഞു

സാങ്കേതിക സർവകലാശാല വിസി നിയമനം സുപ്രീം കോടതി റദ്ദാക്കിയതിനെ തുടർന്ന് , യുജിസി മാനദണ്ഡം പാലിക്കാതെ സർക്കാർ നിയമിച്ച 9 വൈസ് ചാൻസലർമാരോട് ഇന്ന് തന്നെ രാജിവയ്ക്കാൻ ഗവർണർ ഉത്തരവിടുകയായിരുന്നു. ഗവർണർ നൽകിയ സമയപരിധി 11.30ന് അവസാനിക്കാനിരിക്കെ രാജി വേണ്ടെന്ന് സർക്കാർ വിസിമാരെ അറിയിച്ചിട്ടുണ്ട്.

അതേസമയം രാജിവയ്ക്കണമെന്ന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍റെ ആവശ്യം കണ്ണൂര്‍ വിസിയും തള്ളി. രാജിവയ്ക്കില്ലെന്നും പുറത്താക്കണമെങ്കില്‍ പുറത്താക്കട്ടേയെന്നും കണ്ണൂര്‍ വിസി ഗോപിനാഥ് മാധ്യമങ്ങളോട് പറഞ്ഞു. ഗവര്‍ണറുടെ നടപടിയില്‍ പ്രതികരിക്കാനില്ലെന്നായിരുന്നു കുസാറ്റ് വിസിയുടെ പ്രതികരണം. 

 

Tags:    

Similar News