രണ്ടാം ട്രയൽ റൺ പൂർത്തിയാക്കി വന്ദേഭാരത്; തിരുവനന്തപുരത്ത് എത്തിയത് 15 മിനിറ്റ് അധികമെടുത്ത്
വന്ദേ ഭാരത് ട്രെയിൻ രണ്ടാം ട്രയൽ റൺ പൂർത്തിയാക്കി. കാസർകോട് നിന്ന് തിരുവനന്തപുരത്തേക്കുള്ള മടക്കയാത്രക്ക് ട്രെയിൻ 8 മണിക്കൂറും അഞ്ച് മിനിറ്റും സമയമെടുത്തു. കാസർകോടേക്കുള്ള യാത്രയ്ക്ക് ചെലവായതിലും 15 മിനിറ്റ് അധികം സമയമെടുത്താണ് ട്രെയിൻ തിരിച്ചെത്തിയത്.
ആദ്യ ട്രയൽ റണ്ണിനെക്കാൾ പത്തുമിനിറ്റ് വൈകി ഇന്ന് രാവിലെ 5 .20 നാണ് വന്ദേ ഭാരത് രണ്ടാം പരീക്ഷണയോട്ടം തുടങ്ങിയത്. കഴിഞ്ഞ തവണത്തേതു പോലെ തന്നെ 50 മിനിറ്റിൽ 6.10 നു കൊല്ലത്തെത്തി. കഴിഞ്ഞ തവണ തിരുവനന്തപുരം - കോട്ടയം എത്താൻ രണ്ടു മണിക്കൂർ 18 മിനിറ്റ് എടുത്തെങ്കിൽ ഇത്തവണ അഞ്ചു മിനിറ്റ് നേരത്തെ എത്തി, 7.33 ന്. എറണാകുളം നോർത്തിൽ എത്തിയത് 8.32ന്. കഴിഞ്ഞ തവണ മൂന്നു മണിക്കൂർ 18 മിനിറ്റിൽ എറണാകുളം ഇത്തവണ ആറു മിനിറ്റ് നേരത്തെയെത്തി.
കഴിഞ്ഞ തവണ നാലു മണിക്കൂർ 27 മിനിറ്റിൽ എത്തിയ തൃശൂരിൽ ഇത്തവണ പത്തു മിനിറ്റ് നേരത്തെ വന്ദേ ഭാരത് എത്തി. കോഴിക്കോട് ആദ്യ ഓട്ടത്തെക്കാൾ 16 മിനിറ്റ് നേരത്തെയും കണ്ണൂരിൽ 18 മിനിറ്റ് നേരത്തെയും എത്തി. എന്നാൽ ആദ്യ ട്രയൽ റണ്ണിൽ ട്രെയിൻ നിർത്തിയ തിരൂരിൽ ഇത്തവണ സ്റ്റോപ്പ് ഉണ്ടായിരുന്നില്ല. എന്തുകൊണ്ടാണ് ഇതെന്ന കാര്യത്തിൽ അധികൃതർ വിശദീകരണം നൽകിയിട്ടില്ല. വന്ദേഭാരത് കാസർകോട് എത്തിയത.് ഉച്ചയ്ക്ക് 1.10 ന്. എടുത്ത സമയം 7 മണിക്കൂർ 50 മിനിറ്റ്. എട്ടു മണിക്കൂർ 59 മിനിറ്റിൽ എത്തുന്ന രാജധാനിയെക്കാൾ ഒരു മണിക്കൂർ ഒൻപതു മിനിറ്റ് നേരത്തേ കാസർകോടേക്ക് വന്ദേ ഭാരത്തിൽ എത്താം.