വടകര താലൂക്ക് ഓഫീസ് തീവെപ്പ് കേസ്; പ്രതിയെ വെറുതെ വിട്ട് കോടതി

Update: 2024-02-04 14:50 GMT

കോളിളക്കം സൃഷ്ടിച്ച വടകര താലൂക്ക് ഓഫിസ് തീവെപ്പ് കേസില്‍ പ്രതിയെ കോടതി വെറുതെ വിട്ടു. ഹൈദരബാദ് സ്വദേശി നാരായണ്‍ സതീഷിനെയാണ് വടകര ജില്ലാ അസി. സെഷന്‍സ് കോടതി വെറുതെ വിട്ടത്. തെളിവായി കൊണ്ടുവന്ന സി.സി ടി.വി ദൃശ്യങ്ങളില്‍ നിന്ന് പ്രതിയെ വ്യക്തമായി മനസിലാക്കാന്‍ കഴിയുന്നില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. കുറ്റം തെളിയിക്കാന്‍ പ്രൊസിക്യൂഷന് സാധിച്ചില്ലെന്നും വിലയിരുത്തി കൊണ്ടാണ് കോടതി വിധി.

വടകര ഡി.ഇ.ഒ ഓഫിസ്, എല്‍.എ എന്‍.എച്ച് ഓഫീസ്, എടോടിയിലെ സ്വകാര്യ സ്ഥാപനം എന്നിവിടങ്ങളില്‍ നടന്ന തീവെപ്പ് കേസുകളിലും ഇയാളെ വെറുതെ വിട്ടു. 2021 ഡിസംബര്‍ 17നാണ് വടകര താലൂക്ക് ഓഫിസ് തീവെച്ചു നശിപ്പിക്കപ്പെട്ടത്. ആയിരക്കണക്കിന് രേഖകളും കമ്പ്യൂട്ടറുകളുമടക്കം നശിപ്പിക്കപ്പെട്ടു. നൂറ്റാണ്ട് പഴക്കമുള്ള കെട്ടിടം പൂര്‍ണമായും നശിപ്പിക്കപ്പെട്ടു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് സി.സി ടി.വി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ പ്രതിയെ പിടികൂടിയത്.

അതേസമയം, പ്രതിയെ കോടതി വെറുതെവിട്ട സാഹചര്യത്തില്‍ യഥാര്‍ത്ഥ പ്രതി ആരെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കണമെന്ന് കെ.കെ രമ എം.എല്‍.എ ആവശ്യപ്പെട്ടു. ഇത്രയും വലിയ കേസ് ലാഘവത്തോടെയാണ് പൊലീസ് അന്വേഷിച്ചതെന്നാണ് കോടതി വിധിയില്‍ നിന്നും വ്യക്തമാകുന്നത്. സംഭവത്തില്‍ പുനരന്വേഷണം നടത്തി ഇതിലെ യഥാര്‍ത്ഥ പ്രതികളെയും ഗൂഢാലോചനക്കാരെയും നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്നും കെ.കെ രമ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

Tags:    

Similar News