വ്യാജപ്രചാരണങ്ങളിലൂടെ വ്യക്തിഹത്യ നടത്തുന്നു; ഷാഫി പറമ്പിലിനെതിരെ കെ.കെ.ശൈലജ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി

Update: 2024-04-16 10:24 GMT

വ്യാജപ്രചാരണങ്ങളിലൂടെ വ്യക്തിഹത്യ നടത്തുന്നുവെന്ന് ചൂണ്ടിക്കാട്ടി യു.ഡി.എഫ് വടകര പാർലമെന്റ് സ്ഥാനാർത്ഥി ഷാഫി പറമ്പിലിനെതിരെ എൽ.ഡി.എഫ് സ്ഥാനാർത്ഥി കെ.കെ ശൈലജ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി. യു.ഡി.എഫ്. സ്ഥാനാർത്ഥിയുടെ അറിവോടെയാണ് തനിക്കെതിരെയുള്ള സൈബർ ആക്രമണം നടക്കുന്നതെന്ന് പരാതിയിൽ പറയുന്നു.

കെ.കെ ശൈലജയുടെ ഫോട്ടോകൾ മോർഫ് ചെയ്തും സംഭാഷണം എഡിറ്റു ചെയ്തും വ്യാപകമായി വ്യാജ പ്രചരണം നടത്തുന്നു. വ്യാജ പ്രചരണവുമായി ബന്ധപ്പെട്ട പരാതി പോലീസിന് സമർപ്പിച്ചിട്ടും നടപടി ഉണ്ടായിട്ടില്ലെന്നും ആരോപിക്കുന്നുണ്ട്. മതപണ്ഡിതൻ എ. പി. അബൂബക്കർ മുസ്ലിയാരുടെ വ്യാജ ലെറ്റർപാഡ് ഉപയോഗിച്ച് അപമാനിക്കാൻ ശ്രമം നടക്കുന്നു.

ചില ഫോട്ടോകളിൽ ആളുകളെ അടർത്തി മാറ്റി ചില വ്യക്തികളെ ചേർത്ത് വെച്ച് വ്യാജ നിർമ്മിതിയും പ്രചാരണങ്ങളും സംഘടിപ്പിക്കുന്നു. സെമിനാറിൽ നടത്തിയ പ്രസംഗം വളച്ചൊടിച്ചും ചില ഭാഗങ്ങൾ ദുഷ്ടലാക്കോടെ അടർത്തിമാറ്റിയും വ്യാജ പ്രചരണം നടത്തുകയാണ്. സ്വകാര്യ ചാനലിലിന് നൽകിയ ഇന്റർവ്യൂവിന്റെ ചില ഭാഗങ്ങൾ അടർത്തിമാറ്റി പ്രചരിപ്പിച്ച് മുസ്ലിം വിരുദ്ധയാക്കുന്നുവെന്നും പരാതിയിൽ പറയുന്നു.

മുഖ്യമന്ത്രി പിണറായി വിജയനൊപ്പമുള്ള മോർഫ് ചെയ്ത ചിത്രങ്ങൾ അശ്ലീല ചുവയോടെ പ്രചരിപ്പിച്ചു. ശൈലജയെ വ്യാജ കാർഡുകളുണ്ടാക്കി അപഹസിക്കുന്നുവെന്നും പരാതിയിൽ പറയുന്നു.

വോട്ടർമാരെ പ്രത്യേകിച്ച് മുസ്ലീം വോട്ടർമാരെ തെറ്റായി സ്വാധീനിക്കുന്ന തരത്തിൽ പ്രസ്താവനകൾ യു. ഡി. എഫ് സ്ഥാനാർത്ഥി നടത്തുന്നെന്നും ആരോപിച്ചിട്ടുണ്ട്. കുടുംബ ഗ്രൂപ്പൂകൾ കേന്ദ്രീകരിച്ച് നടത്തുന്ന പ്രചരണങ്ങൾക്കെതിരെയും പരാതിയിൽ പരാമർശിക്കുന്നുണ്ട്.

Tags:    

Similar News