കാഫിർ പോസ്റ്റ് വിവാദത്തിൽ കെ കെ ലതികയെ ന്യായീകരിച്ച് മന്ത്രി; നിയമസഭയിൽ പ്രതിഷേധിച്ച് പ്രതിപക്ഷം

Update: 2024-06-28 05:26 GMT

വടകരയിലെ കാഫിർ പോസ്റ്റ് വിവാദം നിയമസഭയിൽ ചോദ്യോത്തര വേളയിൽ ഉന്നയിച്ച് മാത്യു കുഴൽനാടൻ എംഎഎൽഎ. പോസ്റ്റ് വിവാദത്തിൽ സിപിഎം നേതാവ് കെകെ ലതികയെ പൂർണമായും ന്യായീകരിച്ചുകൊണ്ട് മുഖ്യമന്ത്രിക്ക് വേണ്ടി എംബി രാജേഷ് സഭയിൽ മറുപടി നൽകിയത്. സംഭവത്തിൽ രണ്ട് പരാതികൾ കിട്ടിയിട്ടുണ്ടെന്നും ഗൗരവത്തോടെയാണ് കാണുന്നതെന്നും മന്ത്രി എംബി രാജേഷ് മറുപടി നൽകി.ഫേയ്‌സ്ബുക്കിനോട് വിവരങ്ങൾ തേടിയിട്ടുണ്ടെന്നും വിവരങ്ങൾ കിട്ടുന്നതിന് അനുസരിച്ച് അന്വേഷണം പൂർത്തിയാക്കുമെന്നും മന്ത്രി പറഞ്ഞു.

എന്നാൽ, കാഫിർ സ്‌ക്രീൻഷോട്ട് വിവാദത്തിൽ കെകെ ലതികയെ ഉൾപ്പെടെ ന്യായീകരിച്ചുകൊണ്ടുള്ള മന്ത്രിയുടെ മറുപടിയിൽ പ്രതിപക്ഷം പ്രതിഷേധിച്ചു. മന്ത്രി മറുപടി പറയുന്നതിനിടെ വിഷയത്തിൽ പ്രതിപക്ഷം നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു. തൻറെ ചോദ്യത്തിന് മറുപടിയില്ലെന്ന് മാത്യു കുഴൽനാടൻ പറഞ്ഞു. ആരാണ് പ്രതികൾ എന്നും എഫ്‌ഐആർ ഉണ്ടോയെന്നും മാത്യു കുഴൽ നാടൻ ചോദിച്ചു. എന്നാൽ, പ്രൊഫൈൽ വിവരം ഫേയ്‌സ്ബുക്കിൽ നിന്നും കിട്ടണമെന്ന് എംബി രാജേഷ് ആവർത്തിച്ചു. ഫേയ്‌സ്ബുക്ക് പ്രൊഫൈൽ വിവരങ്ങൾ കിട്ടിയാലെ അന്വേഷണം പൂർത്തിയാകുവെന്നും വർഗീയ പ്രചാരണങ്ങളിൽ 17 കേസുകൾ എടുത്തിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

മുൻ എംഎൽഎ സ്‌ക്രീൻഷോട്ട് പ്രചരിപ്പിച്ചിട്ടും എന്തുകൊണ്ട് അവരെ പ്രതിയാക്കുന്നില്ലെന്നും മാത്യു കുഴൽനാടൻ ചോദിച്ചു. എന്നാൽ, കെകെ ലതികയ്ക്ക് എതിരെ കേസ് എടുക്കുന്നതിൽ മന്ത്രി വ്യക്തമായ മറുപടി നൽകിയില്ല. ഇതോടെയാണ് പ്രതിപക്ഷം നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചത്. ഇതിനിടെ മന്ത്രി വീണ്ടും മറുപടി തുടർന്നു. കെകെ ലതിക പ്രചരിപ്പിച്ചത് വർഗീയതയോ അതോ അതിനെ എതിർത്തുള്ള പോസ്റ്റോ ആണോയെന്ന് മന്ത്രി ചോദിച്ചു. കെകെ ലതികയുടെ പോസ്റ്റും നിയമസഭയിൽ വായിച്ചു. പോസ്റ്റ് വർഗീയത പ്രചരിപ്പിച്ചതാണോയെന്നും മന്ത്രി ചോദിച്ചു. ആര് വർഗീയത പ്രചരിപ്പിച്ചാലും നടപടിയുണ്ടാകുമെന്നും മന്ത്രി പറഞ്ഞു.

അതേസമയം, യഥാർത്ഥ ചോദ്യങ്ങളിൽ നിന്ന് മന്ത്രി ഒഴിഞ്ഞുമാറുകയാണെന്നും ചോദ്യോത്തരവേള ദുരുപയോഗപ്പെടുത്തുകയാണെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശൻ കുറ്റപ്പെടുത്തി. കാഫിർ ചോദ്യത്തിൽ നിന്നു ഭരണ പക്ഷം വഴി തെറ്റിച്ചു മറ്റ് ചോദ്യം ചോദിക്കുകയാണ്. കാഫിർ വ്യാജ സ്‌ക്രീൻ ഷോട്ട് പ്രചരിപ്പിച്ച മുൻ എംഎൽഎ അടക്കം ഉള്ളവർക്ക് എതിരെ കേസ് എടുക്കാത്തത് എന്തുകൊണ്ടാണെന്നും വിഡി സതീശൻ ചോദിച്ചു. എന്നാൽ, കെ.കെ. ലതിക പോസ്റ്റ് ഇട്ടത് വർഗീയ പ്രചരണത്തിന് എതിരെയാണെന്ന് മന്ത്രി എംബി രാജേഷ് വീണ്ടും ആവർത്തിച്ചു. കോട്ടയം കുഞ്ഞച്ചൻ പ്രൊഫൈലിലൂടെയുള്ള അശ്ലീല പ്രചരണത്തിനെതിരെ എന്ത് നടപടി എടുത്തു യു.പ്രതിഭ എംഎൽഎ ചോദിച്ചു. കുഞ്ഞച്ചൻറെ വലിയച്ഛൻമാരെ കുറിച്ച് താൻ പറയുന്നില്ലെന്നായിരുന്നു മന്ത്രിയുടെ മറുപടി.

Tags:    

Similar News