ചീഫ് സെക്രട്ടറിയായി ഡോ.വി.വേണു ചുമതലയേറ്റു, ഡോ. ഷെയ്ഖ് ദർവേഷ് സാഹിബ് പൊലീസ് മേധാവി
കേരളത്തിന്റെ പുതിയ ചീഫ് സെക്രട്ടറിയായി ഡോ.വി. വേണുവും ഡിജിപിയായി ഷെയ്ഖ് ദർവേഷ് സാഹിബും ചുമതലയേറ്റു. ദർബാർ ഹാളിൽ നടന്ന ഔദ്യോഗിക ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുത്തു. വി.പി ജോയിയും അനിൽകാന്തും വിരമിച്ച സ്ഥാനത്തേക്കാണ് ഇരുവരും നിയമിതരായത്. പദവി ലഭിക്കുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചതല്ലെന്നും വി.പി ജോയിയുടെ പിൻഗാമിയാകൽ വലിയ വെല്ലുവിളിയാണെന്നും വി.വേണു പ്രതികരിച്ചു. വി.പി ജോയി തുടങ്ങി വെച്ചത് പൂർണതയിൽ എത്തിക്കാൻ ശ്രമിക്കുമെന്നും അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളെ മുന്നിൽ നിന്ന് നയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 1990 ബാച്ച് ഉദ്യോഗസ്ഥനായ ഡോ.വേണു ആഭ്യന്തര വകുപ്പിന്റെ അഡീഷണൽ സെക്രട്ടറിയായി സേവനമനുഷ്ഠിക്കവേയാണ് ചീഫ് സെക്രട്ടറിയായി നിയമിതനായത്.റീ ബിൽഡ് കേരള ഇൻഷ്യേറ്റിവിൻ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ അടക്കം നിരവധി പ്രധാന തസ്തികകളിൽ സേവനം അനുഷ്ഠിച്ചിട്ടുള്ള വി.വേണു സംസ്ഥാനത്തെ 48 മാത് ചീഫ് സെക്രട്ടറിയാണ്.
കേരള ടൂറിസം ഡയറക്ടറായും പിന്നീട് ടൂറിസം വകുപ്പ് സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്.ഇന്ത്യയിലെ ഏറ്റവും വലിയ അന്താരാഷ്ട്ര ട്രാവൽ മാർട്ടായ കേരള ട്രാവൽ മാർട്ട് വേണുവിൻറെ ആശയമാണ്. ടൂറിസം മന്ത്രാലയത്തിന്റെ 'ഇൻക്രെഡിബിൾ ഇന്ത്യ' കാമ്പെയ്ൻ ആവിഷ്‌കരിക്കുന്നതിലും വ്യാപിപ്പിക്കുന്നതിലും അദ്ദേഹം നിർണായക പങ്ക് വഹിച്ചു.നാഷണൽ മ്യൂസിയം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹിസ്റ്ററി ഓഫ് ആർട്ട്, കൺസർവേഷൻ ആൻഡ് മ്യൂസിയോളജിയിൽ വൈസ് ചാൻസലറായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. 1990 ബാച്ച് ഐ.പി.എസ് ഓഫീസറായ ഡോ.ഷെയ്ഖ് ദർവേഷ് സാഹിബ് ഫയർ ആൻഡ് റെസ്‌ക്യൂ വിഭാഗം ഡയറക്ടർ ജനറൽ ആയിരിക്കേയാണ് ഡിജിപിയായി നിയമിതനായത്. കേരള കേഡറിൽ എ.എസ്.പിയായി നെടുമങ്ങാട് സർവീസ് ആരംഭിച്ച അദ്ദേഹം വയനാട്, കാസർഗോഡ്, കണ്ണൂർ, പാലക്കാട്, റെയിൽവേസ്, സ്റ്റേറ്റ് സ്‌പെഷ്യൽ ബ്രാഞ്ച് എന്നിവിടങ്ങളിൽ എസ്.പിയായും എം.എസ്.പി, കെ.എ.പി രണ്ടാം ബറ്റാലിയൻ എന്നിവിടങ്ങളിൽ കമാണ്ടൻറ് ആയും പ്രവർത്തിച്ചു.
ഗവർണറുടെ എ.ഡി.സിയായും ഐക്യരാഷ്ട്ര സഭയുടെ മിഷൻറെ ഭാഗമായി കൊസോവയിലും സേവനം അനുഷ്ടിച്ചിട്ടുണ്ട്. എസ്.പി റാങ്കിൽ കൊച്ചി സിറ്റി പൊലീസ് കമ്മീഷണറായും ജോലി ചെയ്തിട്ടുണ്ട്. ഹൈദരാബാദിലെ സർദാർ വല്ലഭായി പട്ടേൽ നാഷണൽ പോലീസ് അക്കാഡമിയിൽ അസിസ്റ്റൻറ് ഡയറക്ടറും ഡെപ്യൂട്ടി ഡയറക്ടറുമായിരുന്നു. എസ്.ബി.സി.ഐ.ഡി, പോലീസ് ആസ്ഥാനം, തിരുവനന്തപുരം റെയ്ഞ്ച്, തൃശൂർ റെയ്ഞ്ച്, ആംഡ് പൊലീസ് ബറ്റാലിയൻ എന്നിവിടങ്ങളിൽ ഐ.ജി ആയിരുന്നു. ആന്ധ്രാപ്രദേശ് സ്വദേശിയാണ്. ഷെയ്ഖ് ഫരീദാ ഫാത്തിമയാണ് ഭാര്യ. 2021ലാണ് വി.പി ജോയ് ചീഫ് സെക്രട്ടറി സ്ഥാനത്തേക്കും അനിൽകാന്ത് പൊലീസ് മേധാവി സ്ഥാനത്തേക്കും എത്തിയത്.