സംസ്ഥാനത്ത് നൂറുമേനി വിജയം നേടിയ സർക്കാർ സ്‌കൂളുകളിൽ കുറവ്; 7 എണ്ണം മാത്രം, അന്വേഷണം പ്രഖ്യാപിച്ച് മന്ത്രി

Update: 2024-05-09 10:43 GMT

സംസ്ഥാനത്ത് ഇത്തവണ ഹയർ സെക്കണ്ടറി പരീക്ഷാ ഫലം പുറത്തുവന്നപ്പോൾ നൂറുമേനി വിജയം നേടിയ സർക്കാർ സ്‌കൂളുകളുടെ എണ്ണത്തിൽ കുറവ്. ഇക്കുറി 100 ശതമാനം വിജയം നേടിയത് ഏഴ് സർക്കാർ സ്‌കൂളുകൾ മാത്രമാണ്. സർക്കാർ സ്‌കൂളുകളിൽ 100 ശതമാനം വിജയം നേടിയ സ്‌കൂൾ അധികം ഇല്ലാത്തതിൽ അന്വേഷണം പ്രഖ്യാപിച്ചുകൊണ്ടാണ് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി ഇക്കാര്യം വ്യക്തമാക്കിയത്.

ഇക്കാര്യത്തിൽ അന്വേഷണം നടത്തി രണ്ടാഴ്ചക്കകം റിപ്പോർട്ട് നൽകണമെന്ന് വ്യക്തമാക്കിയിട്ടുണ്ടെന്നും വിദ്യാഭ്യാസമന്ത്രി വിവരിച്ചു. സംസ്ഥാനത്ത് പൊതുവിദ്യാഭ്യാസ രീതി മെച്ചപ്പെടുത്താൻ തീരുമാനിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഒരു വർഷം നീളുന്ന പദ്ധതിയാണ് സർക്കാർ തയ്യാറാക്കിയിട്ടുള്ളതെന്നും അത് സംബന്ധിച്ച് അടുത്ത ആഴ്ച അധ്യാപക സംഘടനകളുടെ യോഗം ചേരുമെന്നും മന്ത്രി വിവരിച്ചു.

അതേസമയം 78.69 ശതമാനമാണ് ഇത്തവണത്തെ ഹയർസെക്കൻഡറി പരീക്ഷയുടെ വിജയ ശതമാനം. 3,73755 പേരാണ് ഹയർ സെക്കൻഡറി പരീക്ഷ എഴുതിയത്. ഇതിൽ 2,94888 പേർ ഉപരിപഠനത്തിന് യോഗ്യത നേടി. കഴിഞ്ഞ വർഷം 82.95 ശതമാനമായിരുന്നു പ്ലസ് ടു പരീക്ഷയിലെ വിജയം. മുൻ വർഷത്തേക്കാൾ വിജയ ശതമാനം ഇത്തവണ കുറഞ്ഞു. 4.26 ശതമാനത്തിൻറെ കുറവാണ് ഇത്തവണയുണ്ടായത്. ഇത്തവണ സയൻസ് വിഭാഗത്തിൽ 84.84 ശതമാനമാണ് വിജയം. ഹ്യുമാനിറ്റീസ് 67.09 ശതമാനവും കൊമേഴ്‌സ് 76.11ശതമാനവുമാണ് വിജയം.

Tags:    

Similar News