വയനാട് മേപ്പാടി പോളിടെക്‌നിക്കിലെ വിദ്യാർത്ഥി സംഘർഷത്തിൽ ഗുരുതര പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്ന എസ്എഫ്‌ഐ വയനാട് ജില്ലാ ജോയിന്റ് സെക്രട്ടറി അപർണ ഗൗരിക്ക് പിന്തുണ അറിയിച്ച് മന്ത്രി വി ശിവൻകുട്ടി. 'ഒരു ഭീഷണിക്ക് മുന്നിലും വഴങ്ങാത്ത ധീരയായ പെൺകുട്ടി' എന്നാണ് മന്ത്രി ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നത്.
കഴിഞ്ഞ ദിവസം യൂണിയൻ തെരഞ്ഞെടുപ്പിനിടെയാണ് എസ്എഫ്‌ഐ ജില്ലാ ജോയിൻ സെക്രട്ടറി അപർണ ഗൗരിക്ക് ഗുരുതരമായി പരിക്കേറ്റത്. അപർണ മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. കോളേജിലെ ലഹരി മാഫിയ സംഘമാണ് വനിത നേതാവിനെ ആക്രമിച്ചതെന്നാണ് എസ്എഫ്‌ഐ യുടെ പരാതി.
ഫേസ്ബുക്ക് കുറിപ്പ്
വയനാട് മേപ്പാടി പോളിടെക്‌നിക് കോളജിൽ മയക്കുമരുന്ന് മാഫിയയുടെ നേതൃത്വത്തിൽ കൊലപ്പെടുത്താൻ ശ്രമിച്ച എസ്എഫ്‌ഐ വയനാട് ജില്ലാ ജോയിന്റ് സെക്രട്ടറി അപർണ ഗൗരി ധീരയാണ്. ഒരു ഭീഷണിക്ക് മുമ്പിലും വഴങ്ങാത്ത ധീര. അപർണ ഒറ്റക്കല്ല. ലഹരി മാഫിയക്കെതിരായ പോരാട്ടം ജനലക്ഷങ്ങൾ ഏറ്റെടുത്തിട്ടുണ്ട്. ഈ മാഫിയക്ക് പിന്തുണ നൽകുന്ന രാഷ്ട്രീയ ശക്തികളെ ജനം തിരിച്ചറിയും.