വിദ്യയുടെ 'കണ്ണിൽപ്പെടാതെ' നടക്കേണ്ട ഗതിയായിരുന്നു പൊലീസിന്: പരിഹസിച്ച് പ്രതിപക്ഷനേതാവ്

Update: 2023-06-22 07:56 GMT

അനൈക്യം മൂലം എൽഡിഎഫ് ശിഥിലമായിക്കൊണ്ടിരിക്കുകയാണെന്നു പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. എൽഡിഎഫിലെ ഘടകകക്ഷി നേതാവായ എം.വി.ശ്രേയാംസ് കുമാറിനെതിരെ സിപിഎം സൈബർ ആക്രമണം നടത്തുകയാണ്. സിപിഎം നേതാക്കളുടെ അറിവോടെയാണു സൈബർ വെട്ടുക്കിളിക്കൂട്ടങ്ങളുടെ ആക്രമണം.

ഐജി റാങ്കിലുള്ള പൊലീസ് ഉദ്യോഗസ്ഥനെതിരെ മൊഴി നൽകാൻ മാതൃഭൂമി ന്യൂസിലെ റിപ്പോർട്ടർമാർക്കു മേൽ പൊലീസ് സമ്മർദം ചെലുത്തുകയാണെന്നു ശ്രേയാംസ് കുമാർ പറഞ്ഞു. ഇത്ര ഗുരുതരമായ ആരോപണമായിട്ടും അതേക്കുറിച്ച് എന്താണു പൊലീസ് അന്വേഷിക്കാത്തത്. യോഗം ചേർന്നു സർക്കാരിനും എസ്എഫ്ഐക്കും എതിരെ സിപിഐ പ്രതികരിച്ചു കഴിഞ്ഞു. പാർട്ടി പത്രം എസ്എഫ്ഐക്കെതിരെ ആഞ്ഞടിച്ചു. യുഡിഎഫിനെ ശിഥിലമാക്കാൻ ശ്രമിച്ച എൽഡിഎഫ് നേതാക്കൾ ഇപ്പോൾ പകച്ചു നിൽക്കുകയാണെന്നും സതീശൻ പറഞ്ഞു. 

വ്യാജരേഖ കേസിൽ കീഴടങ്ങിയ കെ. വിദ്യയോടു നന്ദി പറയുന്നു. പൊലീസിനെ വിഷമിപ്പിക്കാതെ കീഴടങ്ങിയതിൽ അഭിനന്ദിക്കുന്നു. വിദ്യയുടെ 'കണ്ണിൽപ്പെടാതെ' നടക്കേണ്ട സ്ഥിതിയിലായിരുന്നു പൊലീസ്. കായംകുളത്തെ നിഖിൽ തോമസിനോടും ഇതേ പറയാനുള്ളൂ. പൊലീസിനെ പ്രതിസന്ധിയിലാക്കാതെ കീഴടങ്ങുക. പൊലീസിനെ സർക്കാർ കയ്യും കാലും കെട്ടി ലോക്കപ്പിൽ ഇട്ടിരിക്കുകയാണ്. സ്വതന്ത്രമായി പ്രവർത്തിക്കാൻ അനുവദിക്കുന്നില്ല.

പ്രതിപക്ഷത്തെയും പൊതുസമൂഹത്തിന്റെയും ശക്തമായ പ്രതികരണം മൂലം വിദ്യയുടെ അറസ്റ്റ് രേഖപ്പെടുത്താൻ പൊലീസ് നിർബന്ധിതരായതാണ്. കടലിൽ പോയും കൂലിപ്പണി ചെയ്തും മക്കളെ കോളജിൽ അയക്കുന്ന മാതാപിതാക്കളുള്ള നാടാണിത്. പാതിരാ വരെ കഷ്ടപ്പെട്ടു പഠിക്കുന്ന കുട്ടികളുള്ള നാടാണിതെന്ന് എസ്എഫ്ഐക്കാർ മറക്കരുതെന്നും സതീശന്‍ പറഞ്ഞു. 

സഹസംഘടനയായ എഐഎസ്എഫിന്റെ പ്രവർത്തകരെപ്പോലും ആക്രമിക്കുന്ന അക്രമ പ്രസ്ഥാനമാണ് എസ്എഫ്ഐ. അതിനു കുടപിടിക്കുകയാണു സിപിഎം നേതാക്കൾ ചെയ്യുന്നത്. മാധ്യമ പ്രവർത്തകരെ ഭീഷണിപ്പെടുത്താനാണു സർക്കാർ ശ്രമം. പൊതുമേഖലാ സ്ഥാപനത്തിലെ പിൻവാതിൽ നിയമനം റിപ്പോർട്ട് ചെയ്തതിനാണു ജയചന്ദ്രൻ ഇലങ്കത്തിനെ പൊലീസ് ചോദ്യം ചെയ്യുന്നത്. എതിർശബ്ദങ്ങളെ മൊത്തം നശിപ്പിക്കുകയാണു സിപിഎം ചെയ്യുന്നത്. എതിർത്താൽ കേസെടുക്കും.

കെ.സുധാകരൻ നാളെ അന്വേഷണ സംഘത്തിനു മുന്നിൽ ഹാജരാകും. അതേ‌ക്കുറിച്ചു പറയാനുള്ളത് അദ്ദേഹം പൊലീസിനെ അറിയിക്കും. അദ്ദേഹത്തെ വീണ്ടും കേസിൽ കുടുക്കാൻ നടത്തിയ ശ്രമം പൊളിഞ്ഞു. പോക്സോ കേസിൽ പെൺകുട്ടി മൊഴി നൽകിയെന്നു പറഞ്ഞായിരുന്നു വീണ്ടും കുരുക്കിൽപ്പെടുത്താൻ ശ്രമിച്ചത്. കേസിനെ രാഷ്ടീയമായും നിയമപരമായും നേരിടുമെന്നും സതീശൻ പറഞ്ഞു. 

Tags:    

Similar News