വരാൻ പോകുന്ന ലോക്സഭാ തെരഞ്ഞെടുപ്പ് ജനാധിപത്യത്തിന് വേണ്ടിയുള്ള പോരാട്ടം- രാഹുൽ ഗാന്ധി

Update: 2024-04-03 09:30 GMT

ഈ തെരഞ്ഞെടുപ്പ് ജനാധിപത്യത്തിന് വേണ്ടിയുള്ള പോരാട്ടമാണെന്ന് വയനാട്ടിലെ യു.ഡി.എഫ് സ്ഥാനാർഥി രാഹുൽ ഗാന്ധി. ഒരു വശത്ത് ജനാധിപത്യത്തെ നശിപ്പിക്കാനുള്ള ശക്തികളാണ്, മറുവശത്ത് സംരക്ഷിക്കാനുള്ള ശക്തികളും. ആരൊക്കെ ഏതൊക്കെ പക്ഷമാണ് എന്നത് വ്യക്തമാണെന്നും രാഹുൽ ഗാന്ധി പറഞ്ഞു. വയനാട്ടിലെ ജനങ്ങളെ പ്രതിനിധീകരിക്കുന്നത് അംഗീകാരമായാണ് കണക്കാക്കുന്നതെന്നും രാഹുൽ കൂട്ടിച്ചേർത്തു.

പ്രിയങ്ക ഗാന്ധി, കെ.സി വേണുഗോപാൽ, വി.ഡി.സതീശൻ തുടങ്ങിയ നേതാക്കളോടൊപ്പമെത്തിയാണ് രാഹുൽ ഗാന്ധി നാമനിർദേശ പത്രിക സമർപ്പിച്ചത്. കൽപ്പറ്റയിൽ റോഡ് ഷോ നടത്തിയ ശേഷമായിരുന്നു പത്രികാസമർപ്പണം. റോഡ് ഷോയിൽ നൂറുകണക്കിന് പ്രവർത്തകരാണ് പങ്കെടുത്തത്. പത്രികാസമർപ്പണത്തിന് ശേഷം രാഹുൽ മരവയൽ കോളനിയിൽ പ്രചാരണം നടത്തി. പതിമൂന്ന് വീടുകൾ സന്ദർശിച്ചു.

വയനാട്ടിലെ എൽ.ഡി.എഫ് സ്ഥാനാര്‍ഥി ആനി രാജയും നാമനിർദേശ പത്രിക സമർപ്പിച്ചു. റോഡ് ഷോയ്ക്ക് ശേഷമാണ് ആനി രാജ പത്രിക സമർപ്പിക്കാനെത്തിയത്. ആനി രാജക്കൊപ്പം കുക്കി സമര നേതാവ് ഗ്ലാഡി വൈഫേയി കുഞ്ചാന്‍, സത്യമംഗലത്ത് വീരപ്പന്‍ വേട്ടയുടെ മറവിൽ പൊലീസ് അതിക്രമത്തിന് ഇരയാക്കപ്പെട്ടവരും പത്രികാ സമർപ്പണത്തിനെത്തി. മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നായി നിരവധിപേരാണ് റോഡ് ഷോയിൽ പങ്കെടുത്തത്.

Tags:    

Similar News