സോളാർ ഗൂഢാലോചനയില്‍ ഗണേഷ് കുമാറിനെതിരെ യു.ഡി.എഫ് പ്രത്യക്ഷ സമരത്തിലേക്ക്

Update: 2023-09-16 04:25 GMT

സോളാർ പീഡനക്കേസിലെ ഗൂഢാലോചനയില്‍ കെ.ബി ഗണേഷ് കുമാറിനെതിരെ പ്രത്യക്ഷസമരവുമായി യു.ഡി.എഫ്. അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കെതിരെ ഗൂഢാലോചന നടത്തിയെന്ന സി.ബി.ഐ കണ്ടെത്തലിനു പിറകെയാണ് ഗണേഷ് കുമാറിനെതിരെ രാഷ്ട്രീയമായുള്ള ആക്രമണം കടുപ്പിക്കാൻ മുന്നണി നേതൃത്വം തീരുമാനിച്ചിരിക്കുന്നത്. 19ന് എം.എൽ.എ സ്ഥാനം രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഗണേഷ് കുമാറിന്റെ ഓഫിസിലേക്ക് യു.ഡി.എഫ് മാർച്ച് നടത്തും.

സോളാർ പീഡനക്കേസിന്റെ മുഖ്യ ആസൂത്രകൻ ഗണേഷ് കുമാറാണെന്നാണ് യു.ഡി.എഫ് ആരോപിക്കുന്നത്. ഇതിനാൽ ഗണേഷിനെതിരെ നിയമനടപടി സ്വീകരിക്കാനും നേതൃത്വം ആലോചിക്കുന്നുണ്ട്. മറുവശത്ത് ഗണേഷിന്റെ രാജി ആവശ്യപ്പെട്ട് സമരം ശക്തമാക്കുകയും ചെയ്യും.

ഉമ്മൻ ചാണ്ടിയെ കേസിൽ കുടുക്കാൻ കെ.ബി ഗണേഷ് കുമാർ ഉൾപ്പെടെയുള്ളവരുടെ നേതൃത്വത്തിൽ ഗൂഢാലോചന നടന്നെന്നാണ് സി.ബി.ഐ റിപ്പോർട്ടിൽ വ്യക്തമാക്കിയത്. ഉമ്മൻ ചാണ്ടിയെ കുറ്റവിമുക്തനാക്കി കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലാണ് പരാമർശം. ഗണേഷ് കുമാർ, ഗണേഷിന്റെ ബന്ധു ശരണ്യ മനോജ്, വിവാദ ദല്ലാൾ എന്നിവർ ചേർന്ന് ഉമ്മൻ ചാണ്ടിയെ കേസിൽ കുടുക്കാൻ ഗൂഢാലോചന നടത്തിയെന്നാണ് സി.ബി.ഐ പറയുന്നത്. പരാതിക്കാരി എഴുതിയ കത്തിൽ ഉമ്മൻ ചാണ്ടിയുടെ പേര് ഉണ്ടായിരുന്നില്ല. ഇത് പിന്നീട് എഴുതിച്ചേർത്തതാണെന്നും സി.ബി.ഐ കണ്ടെത്തിയിട്ടുണ്ട്. പരാതിക്കാരി ജയിലിൽ കിടന്ന സമയത്താണ് രാഷ്ട്രീയ കോളിളക്കം സൃഷ്ടിച്ച വിവാദ കത്ത് എഴുതുന്നത്. തന്റെ സഹായിയെ വിട്ട് ഗണേഷ് കുമാർ കത്ത് കൈവശപ്പെടുത്തിയെന്നാണ് സി.ബി.ഐ പറയുന്നത്. ഗണേഷ് കുമാറിന്റെ ബന്ധു ശരണ്യ മനോജ് നൽകിയ മൊഴിയിൽ ഇക്കാര്യം പറഞ്ഞിട്ടുണ്ട്.

Tags:    

Similar News