'ഇത് സ്റ്റാലിന്റെ റഷ്യയല്ല, പേടിയുണ്ടെങ്കില്‍ മുഖ്യമന്ത്രി വീട്ടിലിരിക്കട്ടെ'; മുഖ്യമന്ത്രിയുടെ യാത്രയിൽ പ്രതിഷേധം അറിയിച്ച് യുഡിഎഫ് നേതാക്കൾ
വഴിതടഞ്ഞുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ യാത്രയിൽ പ്രതിഷേധം അറിയിച്ച് യുഡിഎഫ് നേതാക്കൾ. പേടിയുണ്ടെങ്കിൽ മുഖ്യമന്ത്രി വീട്ടിലിരിക്കട്ടെയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ.
എന്തിന് ജനങ്ങളെ ബന്ധിയാക്കി റോഡിലിറങ്ങുന്നു. ഇത് സ്റ്റാലിന്റെ റഷ്യയല്ല. കേരളത്തിൽ ഇത് വച്ചുപൊറുപ്പിക്കില്ലെന്നും സതീശൻ പറഞ്ഞു. ഇന്നും ക്ലിഫ് ഹൗസ് മുതല്‍ മസ്കറ്റ് ഹോട്ടല്‍ വരെ ഗതാഗതം തടഞ്ഞ് മുഖ്യമന്ത്രി യാത്ര തുടര്‍ന്നതാണ് പ്രതിപക്ഷ നേതാവിനെ പ്രകോപിച്ചത്.
അതേസമയം ജിഎസ്ടി നഷ്ടപരിഹാരം വൈകുന്നുവെന്ന പ്രചാരണം സിപിഎമ്മിന്റെ ക്യാപ്സൂള്‍ ആണെന്നും സതീശന് ആരോപിച്ചു. ആകെ 750 കോടി രൂപയെ കിട്ടാനുള്ളൂവെന്നും അധിക നികുതി ഏര്‍പ്പെടുത്തിയ സര്‍ക്കാര്‍ തീരുമാനം പിന്‍വലിക്കുന്നത് വരെ പ്രതിപക്ഷ സമരം തുടരുമെന്നും അദ്ദേഹം തിരുവനന്തപുരത്ത് പറഞ്ഞു.