തിരുവനന്തപുരത്ത് രണ്ട് പേർക്ക് കൂടി അമീബിക് മസ്തിഷ്കജ്വരം

Update: 2024-09-29 08:22 GMT

തിരുവനന്തപുരത്ത് വീണ്ടും ആശങ്കയുയർത്തി അമീബിക്ക് മസ്തിഷ്കജ്വരം. രണ്ട് പേർക്ക് കൂടി ജില്ലയിൽ രോഗം സ്ഥിരീകരിച്ചു. ഇരുവർക്കും രോഗം പിടിപ്പെട്ടത് എങ്ങനെയെന്നതിൽ വ്യക്തതയില്ല. രോഗബാധ ആവർത്തിക്കുമ്പോഴും ശാസ്ത്രീയ പഠനമൊന്നും ഇതുവരെയും തുടങ്ങിയിട്ടുമില്ല.

തിരുമല സ്വദേശിയായ 31കാരിക്കും മുള്ളുവിള സ്വദേശിയായ 27കാരിക്കുമാണ് ശനിയാഴ്ച രോഗം സ്ഥിരീകരിച്ചത്. ഇരുവരും കുളത്തിലോ തോട്ടിലോ കുളിച്ചിട്ടില്ല. തലയ്ക്ക് പരിക്കേറ്റിട്ടില്ല. തലയിലോ മൂക്കിലോ ശസ്ത്രക്രിയ നടത്തിയിട്ടുമില്ല. സാധാരണ അമിബീക് മസ്തിഷ്ക ജ്വരം പിടിപെടുന്ന സാഹചര്യമൊന്നുമില്ലാത്തവർക്കാണ് രോഗബാധ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

നാവായിക്കുളം സ്വദേശിയായ പ്ലസ് ടുക്കാരന് കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ചിരുന്നു. മരുതിക്കുന്ന് വാർഡിലെ പൊതുകുളത്തിൽ ഉത്രാട ദിനത്തിൽ കുളിച്ചതിന് പിന്നാലെയായിരുന്നു വിദ്യാർത്ഥിക്ക് രോഗലക്ഷണം ഉണ്ടായത്. കൂടെ കുളിച്ച രണ്ട് പേർക്ക് ലക്ഷണമില്ലെങ്കിലും ഇവർ നിരീക്ഷണത്തിലാണ്. നിലവിൽ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലുള്ള മൂന്ന് പേരുടെയും ആരോഗ്യ നിലയിൽ കാര്യമായ പ്രശ്നങ്ങളില്ല.

തുടർച്ചയായി രോഗം റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ പരിശോധനകൾ കൂട്ടിയിട്ടുണ്ട്. പനിക്കൊപ്പം അപസ്മാരം പോലെയുള്ള ലക്ഷണങ്ങൾ ഉള്ളവരിൽ അമിബീക്ക് മസ്തിഷ്കജ്വരം പരിശോധന നടത്തണമെന്ന് നിർദ്ദേശം ആരോഗ്യ വകുപ്പ് നൽകിയിട്ടുണ്ട്. കഴിഞ്ഞ രണ്ട് മാസത്തിനിടെ 14 പേർക്കാണ് ജില്ലയിൽ രോഗം സ്ഥിരീകരിച്ചത്.

97 ശതമാനം മരണനിരക്കുള്ള രോഗമെങ്കിലും തിരുവനന്തപുരത്ത് ഒരാളൊഴികെ മറ്റെല്ലാവരെയും ചികിത്സിച്ച് ഭേദമാക്കാൻ ആരോഗ്യ വകുപ്പിനായി. പക്ഷെ ആവർത്തിച്ചുള്ള ജാഗ്രത നിർദ്ദേശങ്ങൾക്ക് അപ്പുറം രോഗബാധയുണ്ടാകുന്ന സാഹചര്യം തടയനാകാത്തതാണ് ഗുരുതരം. മലിനമായ ജലസ്ത്രോതസ്സുകൾ വൃത്തിയാക്കുന്നതിനും രോഗം പടരുന്ന സാഹചര്യം പഠിക്കുന്നതിനും വിവിധ വകുപ്പുകളുടെ ഏകോപനം ആവശ്യമുണ്ടെന്നാണ് ആരോഗ്യ വകുപ്പ് വിശദീകരിക്കുന്നത്. എന്നാൽ മന്ത്രി പ്രഖ്യാപിച്ച ഐസിഎംആർ പഠനം പോലും ഇതുവരെയും കൃത്യമായി തുടങ്ങിയിട്ടില്ല. 

Tags:    

Similar News