മേയർ രാജിവയ്ക്കില്ലെന്ന പ്രഖ്യാപനവുമായി കത്ത് സംബോധന ചെയ്യപ്പെടുന്ന സിപിഎം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ. വിവാദ കത്തുമായി ബന്ധപ്പെട്ട് മൊഴിയെടുക്കാൻ ക്രൈംബ്രാഞ്ച് സംഘം തന്റെ സമയം തേടിയിട്ടുണ്ടെന്നും ആനാവൂർ വ്യക്തമാക്കി. താൻ പാർട്ടി പരിപാടികളുടെ തിരക്കിലാണെന്നും സമയം ഉടൻ അനുവദിക്കാമെന്നും ജില്ലാ സെക്രട്ടറി അന്വേഷണ സംഘത്തെ അറിയിച്ചു.
കത്ത് വിവാദത്തിന്റെ വസ്തുതകൾ തേടി ക്രൈംബ്രാഞ്ച് മേയറുടെ ഓഫിസുമായി ബന്ധപ്പെട്ടവരെ ചോദ്യം ചെയ്തു തുടങ്ങി. ഓഫിസിലെ ക്ലാർക്കുമാരായ വിനോദ്, ഗിരീഷ് എന്നിവരുടെ മൊഴിയാണ് ഇന്നലെ രേഖപ്പെടുത്തിയത്. ലെറ്റർ പാഡ് വ്യാജമാണെന്നും തങ്ങളുടെ ഓഫിസ് ഇതു തയാറാക്കിയിട്ടില്ലെന്നും വിനോദും ഗിരീഷും മൊഴി നൽകി. ജീവനക്കാർക്ക് എടുക്കാവുന്ന വിധത്തിലാണു ലെറ്റർ ഹെഡ് സൂക്ഷിച്ചിരുന്നതെന്നും മേയറുടെ ലെറ്റർ പാഡിന്റെ മാതൃകയിലുള്ളതാണു പ്രചരിക്കുന്ന കത്തിലുള്ളതെന്നും ഇരുവരും പറഞ്ഞു.
അതേസമയം തുടർച്ചയായി നാലാം ദിവസവും കോർപറേഷൻ ഓഫിസ് പ്രതിപക്ഷ പാർട്ടികളുടെ ശക്തമായ സമരത്തിൽ കലാപഭൂമിയായി. മേയറുടെ ഓഫിസിലേക്ക് യൂത്ത് കോൺഗ്രസ് പ്രവർത്തകർ തള്ളിക്കയറാൻ ശ്രമിച്ചത് പ്രവർത്തകരും പൊലീസും തമ്മിൽ ഉന്തും തള്ളും ഉണ്ടാകാൻ കാരണമായി.