'മികച്ച സേവനത്തിന് ശേഷം പടിക്കല്‍ കലം ഉടച്ചു; പോലീസുകാരുടെ പ്രവര്‍ത്തി അനുചിതമായിപ്പോയി': പതിനെട്ടാംപടി ഫോട്ടോയെടുപ്പില്‍ തിരുവിതാംകൂര്‍ ദേവസ്വം

Update: 2024-11-27 07:32 GMT

പതിനെട്ടാംപടിയിലെ പോലീസുകാരുടെ വിവാദഫോട്ടോയെടുപ്പില്‍ തിരുവിതാംകൂര്‍ ദേവസ്വത്തിന് അതൃപ്തി. പോലീസുകാരുടെ പ്രവര്‍ത്തി അനുചിതമായിപ്പോയെന്ന് ദേവസ്വം ബോര്‍ഡ് യോഗം വിലയിരുത്തി.

ഡ്യൂട്ടി കാലാവധി അവസാനിച്ച ഞായറാഴ്ചയാണ് പോലീസുകാര്‍ പതിനെട്ടാംപടിയില്‍ ഫോട്ടോയ്ക്ക് പോസ് ചെയ്തത്. ഇരുമുടിക്കെട്ടുമായി മാത്രം ഭക്തര്‍ കയറുന്ന പരിപാവനമായ പതിനെട്ടാംപടിയില്‍ ഫോട്ടോ ഷൂട്ട് നടത്തിയത് ആചാരലംഘനമാണെന്ന വിമര്‍ശനം ശക്തമാണ്. ദേവസ്വം ബോര്‍ഡ് പോലീസുകാരുടെ പ്രവര്‍ത്തിയിലുള്ള അതൃപ്തി ദേവസ്വം ബോര്‍ഡ് ശബരിമല ചീഫ് പോലീസ് കോഡിനേറ്റര്‍ എഡിജിപി എസ് ശ്രീജിത്തിനെ അറിയിച്ചു.

മികച്ച സേവനം നടത്തിയ ശേഷം പടിക്കല്‍ കലം ഉടയ്ക്കുന്ന പ്രവര്‍ത്തിയായി പോയെന്ന് ബോര്‍ഡ് വിലയിരുത്തുന്നു. ക്ലേശകരമായ ജോലി ചെയ്യുന്ന പോലീസുകാരെ പ്രതിരോധത്തില്‍ ആക്കുന്ന പ്രവര്‍ത്തിയായിപ്പോയെന്നും ബോര്‍ഡ് കുറ്റപ്പെടുത്തുന്നു.

തിങ്കളാഴ്ച്ച സന്നിധാനം ചുമതലയൊഴിഞ്ഞ പോലീസുകാര്‍ പതിനെട്ടാം പടിയില്‍ പിന്തിരിഞ്ഞുനില്‍ക്കുന്ന ഫോട്ടോയെടുത്തതാണ് പ്രശ്നങ്ങള്‍ക്ക് തുടക്കം. സോഷ്യല്‍ മീഡിയയില്‍ ഫോട്ടോ പ്രചരിക്കുകയും വലിയ രീതിയില്‍ വിമര്‍ശനം ഉയരുകയും ചെയ്തിരുന്നു. തുടര്‍ന്ന് ഹൈക്കോടതി ഇടപെട്ട് ഏകോപന ചുമതലയുള്ള എഡിജിപിയോട് വിശദീകരണം ചോദിക്കുകയായിരുന്നു.

ആചാരലംഘനമാണെന്നും ഇത്തരത്തില്‍ ഫോട്ടോ എടുക്കരുതെന്ന് അറിയില്ലായിരുന്നുവെന്നും പോലീസുകാര്‍ വിശദീകരണം നല്‍കിയിരുന്നു. എന്നാല്‍ ഇതെല്ലാം തള്ളിക്കളഞ്ഞു. അവിടെ ജോലി ചെയ്യുന്ന പോലീസുകാര്‍ക്ക് ഇത്തരം കാര്യങ്ങള്‍ അറിയണമെന്നാണ് ഉന്നതവൃത്ത ഭാഷ്യം. പതിനെട്ടാം പടിയില്‍നിന്ന് ഫോട്ടോ എടുത്ത പോലീസുകാര്‍ക്ക് നല്ലനടപ്പിനുള്ള തീവ്രപരിശീലനത്തിന് ഉത്തരവായിട്ടുണ്ട്.

Tags:    

Similar News