സര്‍ക്കാര്‍വാഹനങ്ങളുടെ ദുരുപയോഗം തടയാൻ പ്രത്യേക സീരിസ് ഏര്‍പ്പെടുത്തുന്നു

Update: 2023-05-11 05:11 GMT

സര്‍ക്കാര്‍വാഹനങ്ങള്‍ക്ക് പ്രത്യേക നമ്പര്‍സീരീസായി കെ.എല്‍. 99 അനുവദിച്ചു. വിജ്ഞാപനം ഉടന്‍ ഇറങ്ങും. ബുധനാഴ്ച ചേര്‍ന്ന ഉന്നതതലയോഗത്തിലാണ് തീരുമാനം. കെ.എസ്.ആര്‍.ടി.സി. ദേശസാത്കൃതവിഭാഗത്തിന് (കെ.എല്‍. 15) അനുവദിച്ചതുപോലെ പ്രത്യേക ഓഫീസും ഇതിനായി തുറക്കും.

സര്‍ക്കാര്‍വാഹനങ്ങളുടെ ദുരുപയോഗം തടയുന്നതിനാണു പ്രത്യേക സീരിസ് ഏര്‍പ്പെടുത്തുന്നത്. കെ.എല്‍. 99-എ സര്‍ക്കാര്‍ വകുപ്പുകള്‍ക്കും കെ.എല്‍. 99-ബി സംസ്ഥാനത്തെ കേന്ദ്രസര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും കെ.എല്‍. 99-സി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കും കെ.എല്‍ 99-ഡി പൊതുമേഖലാസ്ഥാപനങ്ങള്‍ക്കും നല്‍കും.

മന്ത്രി ആന്റണി രാജുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം മുമ്പ് ഇക്കാര്യം മോട്ടോര്‍വാഹനവകുപ്പിന്റെ ശുപാര്‍ശ പരിഗണിച്ചിരുന്നു. തുടര്‍ന്ന് നയപരമായ തീരുമാനമായതിനാല്‍ മുഖ്യമന്ത്രിക്ക് കൈമാറാന്‍ തീരുമാനിക്കുകയായിരുന്നു.

സര്‍ക്കാര്‍വാഹനങ്ങളില്‍ ബോര്‍ഡ് സ്ഥാപിക്കുന്നതിലും നിയന്ത്രണം ഏര്‍പ്പെടുത്തുമെന്നും മുമ്പ് അറിയിച്ചിരുന്നു. കേരളസര്‍ക്കാര്‍ എന്ന ബോര്‍ഡ് വ്യാപകമായി സര്‍ക്കാരിതര വാഹനങ്ങളിലും ഉപയോഗിക്കുന്നുണ്ട്. ഇതിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കും.

Tags:    

Similar News