വടക്കഞ്ചേരിയിലെ ടൂറിസ്റ്റ് ബസ് അപകടം: ട്രാൻസ്പോർട്ട് കമ്മീഷണർ ഇന്ന് റിപ്പോർട്ട് നൽകും

Update: 2022-10-09 02:54 GMT

വടക്കഞ്ചേരി അപകടത്തിൻ്റെ അന്വേഷണ റിപ്പോർട്ട് ഗതാഗത കമ്മീഷണർ ഇന്ന്  സർക്കാരിന് സമർപ്പിച്ചേക്കും. ഡ്രൈവർ ജോമോനും ബസിൻ്റെ ഉടമക്കുമെതിരെയുള്ള തുടർനടപടികളിൽ ഇന്ന് തീരുമാനം ഉണ്ടാകും എന്നാണ് കരുതുന്നത്. ജോമോൻ്റെ രക്തപരിശോധന ഫലവും ഇന്ന് പുറത്ത് വന്നേക്കും.

വടക്കഞ്ചേരിയിലെ ടൂറിസ്റ്റ് ബസ് അപകടത്തിൻ്റെ വിശദമായ റിപ്പോർട്ട് ഗതാഗത കമ്മീഷണർ ഇന്ന് വകുപ്പ് മന്ത്രിക്ക് കൈമാറിയേക്കും. ഇന്നലെ വൈകിട്ട് ആണ് പാലക്കാട് എൻഫോസ്‌മെന്റ് ആർ.ടി.ഒ എം.കെ.ജയേഷ് കുമാർ വിശദ റിപ്പോർട്ട് ഗതാഗത കമ്മീഷണർക്ക് കൈമാറിയത്. അപകട കാരണം, സാഹചര്യം, ബസിലെ നിയമ ലംഘനം എന്നിവ വിശകലനം ചെയ്താണ് 18 പേജുള്ള റിപ്പോർട്ട്‌. 

അപകടം ഡിജിറ്റൽ പുനരാവിഷ്ക്കരണവും റിപ്പോർട്ടിനു ഒപ്പം ചേർത്തിട്ടുണ്ട്. കെഎസ്ആർടിസിയെ കുറിച്ചുo ചില കണ്ടെത്തലുകൾ റിപ്പോർട്ടിലുണ്ട് എന്നാണ് വിവരം. റിപ്പോർട്ട്‌ പരിശോധിച്ച ശേഷമാകും മോട്ടോർ വാഹന വകുപ്പിൻ്റെ തുടർ നടപടികൾ. ടൂറിസ്റ്റ് ബസിന്‍റെ ഡ്രൈവർ ജോമോന്‍റെ രക്തപരിശോധന ഫലം ഇന്ന് പൊലീസിന് കിട്ടുമെന്നാണ് പ്രതീക്ഷിക്കുന്നത്. 

അതേസമയം എറണാകുളം ആലുവയിൽ വിനോദയാത്രയ്ക്ക് പോയ ടൂറിസ്റ്റ് ബസ് മോട്ടോര്‍ വാഹന വകുപ്പ് അധികൃതര്‍ പിടികൂടിയിട്ടുണ്ട്. എടത്തല എം.ഇ.എസ്. കോളേജില്‍ നിന്ന് 45 വിദ്യാർത്ഥികളുമായി പുറപ്പെട്ട എക്‌സ്‌പോഡ് എന്ന ബസാണ് ആലുവ ജോയിന്റ് ആര്‍ടിഒ പിടികൂടിയത്.  

Tags:    

Similar News