ജസ്‌ന കേസിൽ സി.ബി.ഐയുടെ ക്ലോഷർ റിപ്പോർട്ട് സാങ്കേതികത്വം മാത്രമെന്ന് മുൻ ഡി.ജി.പി. ടോമിൻ ജെ തച്ചങ്കരി. അന്വേഷണ സമയത്ത് ലീഡുകൾ കിട്ടിയിരുന്നുവെന്നും കോവിഡ് കാലത്ത് അന്വേഷണം നിലക്കുകയായിരുന്നുവെന്നും തച്ചങ്കരി പറഞ്ഞു.
'അന്വേഷിച്ച സമയത്ത് കേസ് ഡയറി പരിശോധിച്ചപ്പോൾ ജസ്‌നയെ അവസാനം കണ്ട സമയം, സ്ഥലം, പോയത് എങ്ങനെയാണ്, എങ്ങോട്ടേക്കാണ് തുടങ്ങിയ കാര്യങ്ങളിൽ വ്യത്യസ്തമായ ഒരു ലീഡ് കിട്ടി. അതുവെച്ച് അന്വേഷണം തുടർന്നു. കൈയെത്തും ദൂരത്ത് ജസ്‌ന എത്തി എന്നുവരെ കരുതിയ സമയമുണ്ടായിരുന്നു. അപ്പോഴാണ് കോവിഡ് വരുന്നത്. പോകേണ്ടിയിരുന്നത് കുമളി, തേനി വഴി തമിഴ്‌നാട്ടിലേക്കായിരുന്നു. എന്നാൽ പിന്നീട് ഒന്നരവർഷക്കാലത്തോളം കേരളം അടഞ്ഞു കിടന്നു. ഈ സമയത്ത് കുടുംബം കോടതിയിൽ പോവുകയും കേസ് സി.ബി.ഐയ്ക്ക് വിടുകയുമായിരുന്നു. കണ്ണികളായി അന്വേഷിച്ചു പോയ സമയത്ത് കേസ് തെളിയിക്കുമെന്നായിരുന്നു എല്ലാവരും വിചാരിച്ചത്'- തച്ചങ്കരി പറഞ്ഞു.
'സി.ബി.ഐ.യെ കുറ്റം പറയാനാകില്ല. ജസ്‌ന ഒരു മരീചികയല്ല. ഈ പ്രപഞ്ചത്തിൽ ജീവിച്ചിരിക്കുകയോ മരിച്ചിരിക്കുകയോ ഉണ്ടെങ്കിൽ ജസ്‌നയെ സി.ബി.ഐ. കണ്ടെത്തും. രാജ്യത്ത് ഏറ്റവും മികച്ച ഏജൻസിയാണ് സി.ബി.ഐ. കേസ് അവസാനിപ്പിച്ചത് സാങ്കേതികത്വമാണ്. ഒരു കേസ് വളരെ നാളുകളോളം അന്വേഷിക്കുമ്പോൾ കൃത്യമായ ലീഡില്ലെങ്കിൽ താത്ക്കാലികമായി ക്ലോഷർ റിപ്പോർട്ട് തയ്യാറാക്കി കോടതിയിൽ കൊടുക്കും. എന്നെങ്കിലും ഒരു സൂചന ലഭിക്കുകയാണെങ്കിൽ സി.ബി.ഐയ്ക്ക് അന്വേഷിക്കാൻ സാധിക്കും. നിരാശരാകേണ്ട കാര്യമില്ല. കേസ് പൂർണമായും അടഞ്ഞു എന്ന് കരുതേണ്ടതില്ല. സിബിഐയിൽ പൂർണവിശ്വാസം ഉണ്ട്'- അദ്ദേഹം കൂട്ടിച്ചേർത്തു. സംഭവത്തിൽ മതപരിവർത്തനം നടന്നു എന്ന് പറഞ്ഞാൽ അതിനുള്ള തെളിവ് കൊടുക്കണം. തെളിവില്ലാത്തത് കൊണ്ട് മതപരിവർത്തനം നടന്നോ ഇല്ലയോ എന്ന് പറയാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.'