'ഭാരത് അരിയുടെ പേരിൽ ജനങ്ങളെ കബളിപ്പിക്കരുത്, റേഷൻ കടകളിലൂടെ വിതരണം ചെയ്തിരുന്ന അരി'; പ്രതാപൻ

Update: 2024-02-10 09:08 GMT

റേഷൻ കടകളിലൂടെ സംസ്ഥാനത്ത് വിതരണം ചെയ്തിരുന്ന അരി ഭാരത് അരി എന്ന പേരിൽ കേന്ദ്ര ഗവൺമെന്റ് വിതരണം ചെയ്ത് ജനത്തെ പറ്റിക്കരുതെന്ന് ടി.എൻ.പ്രതാപൻ എംപി. ഇക്കാര്യത്തിൽ സംസ്ഥാന ഗവൺമെന്റ് അടിയന്തിരമായി ഇടപെടണം. ബന്ധപ്പെട്ട മന്ത്രി പരാതി പറഞ്ഞ് നിൽക്കാതെ പരിഹാരത്തിനുള്ള നടപടി സ്വീകരിക്കണമെന്നും പ്രതാപൻ പറഞ്ഞു. 

'10 രൂപ 90 പൈസക്കാണ് റേഷൻ കടകളിൽ അരി നൽകിയിരുന്നത്. ഈ അരിയാണ് കിലോയ്ക്ക് 29 രൂപ നിരക്കിൽ കേന്ദ്ര സ്ഥാപനങ്ങൾ വഴി വിതരണം ചെയ്യുന്നത്.' മോദി നൽകുന്ന അരി എന്ന് പ്രചരിപ്പിച്ച് തെരഞ്ഞെടുപ്പ് തട്ടിപ്പ് നടത്തരുതെന്ന് പ്രതാപൻ ആവശ്യപ്പെട്ടു. 

'റേഷൻ കാർഡ് ഇല്ലാതെയാണ് ഭാരത് അരി നൽകുന്നത്. യഥാർത്ഥ ഉപഭോക്താക്കൾക്ക് അരി നൽകാനാണ് കേന്ദ്രം ഉദ്ദേശിക്കുന്നതെങ്കിൽ അത് പൊതുവിതരണ സമ്പ്രദായത്തിലൂടെ വേണം. ഇക്കാര്യം റേഷൻ വ്യാപാരികളുടെ സംഘടന ഉന്നയിച്ചിട്ടുണ്ട്. കേന്ദ്ര സംസ്ഥാന ഗവൺമെന്റുകൾ അരി വിതരണത്തിലൂടെ രാഷ്ട്രീയ ലാഭം കൈകൊണ്ട ചരിത്രമില്ല.' സൗജന്യ അരി നൽകലും വില കുറച്ച അരി നൽകലും നടത്താറുണ്ടെങ്കിലും സംസ്ഥാന ഗവൺമെന്റുകൾ റേഷൻ കട വഴി നൽകുന്ന അരി പിൻവാതിലിലൂടെ ഏറ്റെടുത്ത് വിതരണം ചെയ്യുന്നത് അംഗീകരിക്കാനാവില്ലെന്നും പ്രതാപൻ പറഞ്ഞു. 

Tags:    

Similar News