ടൈറ്റാനിയം ജോലി തട്ടിപ്പ് കേസ്: പ്രതി ദിവ്യാ നായർ രണ്ട് ദിവസം പൊലീസ് കസ്റ്റഡിയിൽ
ടൈറ്റാനിയം ജോലി തട്ടിപ്പ് കേസിൽ മുഖ്യ പ്രതി ദിവ്യാ നായരെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. രണ്ടുദിവസത്തേക്കാണ് നെടുമങ്ങാട് കോടതി ദിവ്യ നായരെ വെഞ്ഞാറമൂട് പൊലീസിന്റെ കസ്റ്റഡിയിൽ വിട്ടത്. ഉദ്യോഗാർത്ഥിയിൽ നിന്ന് 14 ലക്ഷം രൂപ തട്ടിയെടുത്തുവെന്നാണ് കേസ്. ടൈറ്റാനിയം ജോലി തട്ടിപ്പിൽ ഇതുവരെ ആറ് കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
കേസുമായി ബന്ധപ്പെട്ട് ടൈറ്റാനിയത്തിലെ ലീഗൽ ഡിജിഎം ശശികുമാരൻ തമ്പിയുടെ മുറിയിൽ പോലീസ് പരിശോധന നടത്തി. ഇൻറർവ്യൂവിൽ പങ്കെടുത്ത ഉദ്യോഗാർഥികളുടെ പട്ടികയും ബയോഡാറ്റകളും ശശികുമാരൻ തമ്പിയുടെ അലമാരയിൽ നിന്ന് പോലീസ് കണ്ടെടുത്തു. പരാതിക്കാരെയും കൂട്ടിയാണ് ഇൻറർവ്യൂ നടന്ന മുറിയിലെത്തിയത്. കൂടെക്കൂട്ടിയ പരാതിക്കാരുടെ ബയോഡാറ്റയും കിട്ടിയ രേഖകളിലുണ്ട്.