'തൃശൂർ മേയറുടെ പ്രവൃത്തികൾ സംശയാസ്പദം' ; വിമർശനവുമായി സിപിഐ നേതാവ് വിഎസ് സുനിൽ കുമാർ

Update: 2024-07-08 07:36 GMT

പാർലമെന്റ് തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫിനെതിരെ തൃശൂർ മേയർ എം.കെ വർഗീസ് പ്രവർത്തിച്ചെന്ന് സി.പി.ഐ നേതാവ് വി.എസ്.സുനിൽ കുമാർ. പാർലമെന്റ് തെരഞ്ഞെടുപ്പ് കാലത്തെ മേയറുടെ പ്രവൃത്തികൾ സംശയാസ്പദമാണ്. ഇത് തെരഞ്ഞെടുപ്പിൽ തിരിച്ചടിയായി. ഈ നിലപാട് തുടർന്നാൽ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിലും തിരിച്ചടി ഉണ്ടാകുമെന്നും സുനിൽകുമാർ പറഞ്ഞു.

'ലോക്സഭാ തെരഞ്ഞെടുപ്പിൽ തൻ്റെ വിജയത്തിനായി ഒരു കാര്യവും മേയർ ചെയ്തിട്ടില്ല. താൻ ചെയ്ത വികസന പ്രവർത്തനങ്ങളെക്കുറിച്ച് പറയാൻ മടി കാണിക്കുകയും ബി.ജെ.പി സ്ഥാനാർഥി ചെയ്യാൻ ഉദ്ദേശിക്കുന്ന കാര്യങ്ങളിൽ അദ്ദേഹം വാചാലനാവുകയും ചെയ്തു.'- സുനിൽ കുമാർ പറഞ്ഞു.

തെരഞ്ഞെടുപ്പിന് മുൻപ് എം.പിയാവാൻ സുരേഷ് ഗോപി യോഗ്യനാണെന്ന തരത്തിലുള്ള പ്രസ്താവന എം.കെ വർഗീസ് നടത്തിയിരുന്നു. ലോക്സഭാ തെരഞ്ഞെടുപ്പിൽ തൃശൂരിൽ എൽ.ഡി.എഫ് സ്ഥാനാർഥി വി.എസ് സുനിൽകുമാർ പരാജയപ്പെട്ടിരുന്നു. തുടർന്ന് മേയർക്കെതിരെ സി.പി.ഐ പരസ്യമായി രം​ഗത്ത് വന്നിരുന്നു.

താൻ ബിജെപിയിലേക്ക് പോകുമെന്ന പ്രചാരണം അഭ്യൂഹം മാത്രമെന്ന് പറഞ്ഞ് നേരത്തെ തൃശൂർ മേയർ എം.കെ വർഗീസ് രംഗത്ത് വന്നിരുന്നു. ആര് വികസനത്തിനൊപ്പം നിന്നാലും താൻ അവർക്കൊപ്പം നിൽക്കും. സി.പി.ഐക്ക് എന്തെങ്കിലും അതൃപ്തി ഉണ്ടെങ്കിൽ ചർച്ച ചെയ്ത് പരിഹരിക്കും. നിയമസഭ തിരഞെടുപ്പിൽ ബി.ജെ.പി സ്ഥാനാർഥിയാവുന്നത് ചിന്തിച്ചിട്ടില്ലെന്നും എൽ.ഡി.എഫിനൊപ്പമാണ് താനെന്നുമാണ് എം.കെ വർഗീസ് പറഞ്ഞത്.

Tags:    

Similar News